അടൂർ: ഏനാത്ത് മണ്ണടി ദളവ ജംഗ്ഷൻ ഭാഗത്ത് ഇന്നു പുലർച്ചെ കക്കൂസ് മാലിന്യം നിക്ഷേപിക്കാൻ വന്ന ടാങ്കർ ലോറി ഏനാത്ത് പോലീസ് പിടികൂടി. വാഹനത്തിലുണ്ടായിരുന്ന അടൂർ പന്നിവിഴ ശ്രീജിത്തിനെ (27 ) കസ്റ്റഡിയിലെടുത്തു.ഡ്രൈവറും മറ്റൊരാളും ഓടിരക്ഷപ്പെട്ടു. പോലീസിനെ കണ്ട് അവിടെ നിന്നും അമിതവേഗതയിൽ പാഞ്ഞ ടാങ്കറിനെ സാഹസികമായി പിന്തുടർന്നാണ് പിടികൂടിയത്. മൂന്നര കിലോമീറ്ററോളം പിന്തുടർന്ന് സഞ്ചരിച്ച ശേഷം ഏനാത്ത് മിസ്പാ ജംഗ്ഷനിൽ വച്ചു വാഹനം പോലീസ് പിടികൂടി.
ഇതിനിടെ, പട്രോളിംഗ് സംഘം പത്തനംതിട്ട പോലീസ് കണ്ട്രോൾ റൂമിമായി ബന്ധപ്പെട്ട് വിവരം ധരിപ്പിച്ചു. റോഡ് അപകടങ്ങൾ കുറക്കാനുള്ള പട്രോളിംഗ് സംഘ(ബീറ്റ )ത്തിന്റെ സഹായം തേടി. എ എസ് ഐ സാജൻ ഫിലിപ്പ് , സി പി ഒ അനീഷ് എന്നിവരായിരുന്നു ഏനാത്ത് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. ബീറ്റ പട്രോളിംഗ് സംഘത്തിന്റെ വാഹനം മിസ്പ ജംഗ്ഷനിലെത്തി ടാങ്കറിനു കുറുകെ ഇട്ട് തടഞ്ഞു പിടികൂടി. തുടർന്ന് ടാങ്കർ പോലിസ് സ്റ്റേഷനിലെത്തിച്ചു.
പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ തുടർനടപടി സ്വീകരിച്ചു. ബീറ്റ പോലീസ് സംഘത്തിൽ എസ് ഐ ഷാ, സി പി ഒ രാജേഷ് എന്നിവരാണ് ഉണ്ടായിരുന്നത്. മണ്ണടി മുടിപ്പുര റോഡരികിലെ നീർച്ചാലിലും കൃഷിയിടത്തിലും കക്കൂസ് മാലിന്യം തള്ളിയതിനു രണ്ട് വാഹനങ്ങൾ കഴിഞ്ഞയിടെ ഏനാത്ത് പോലീസ് പിടികൂടിയിരുന്നു.