പത്തനംതിട്ട : ശബരിമല തീർഥാടകരെ വരവേൽക്കാൻ പമ്പയിൽ ഒരുക്കങ്ങൾ സജീവമാകുന്നു. ഭക്തർക്ക് വിശ്രമിക്കാനുള്ള നടപ്പന്തലുകളുടെ നിർമാണമാണ് പുരോഗമിക്കുന്നത്. പൊതുമരാമത്തിൻ്റെ നേതൃത്വത്തിലാണ് പന്തൽ നിർമാണം നടക്കുന്നത്. ചൂട് ഏൽക്കാതിരിക്കാൻ ജർമൻ മോഡൽ പന്തലുകളാണ് ഒരുക്കുന്നത്.
രാമമൂർത്തി മണ്ഡപം ഭാഗത്തും ഗണപതി ക്ഷേത്രത്തിലേക്കുള്ള പാതയിലുമാണ് പന്തലുകൾ. ഒരു പന്തലിൽ അഞ്ഞൂറോളം പേർക്ക് വിശ്രമിക്കാം.
നിലയ്ക്കൽ കെ എസ് ആർ ടി സി സ്റ്റാൻഡിന് സമീപവും ഭക്തർക്ക് വിശ്രമിക്കാൻ പന്തലുകൾ നിർമിക്കുന്നുണ്ട്. ചൂട് കുറയ്ക്കുന്നതിന് പന്തലുകളുടെ മേൽക്കൂരയിൽ ഓട് പാകുന്ന ജോലികളും അന്തിമഘട്ടത്തിലാണ്. ഓട് പാകാൻ സാധിക്കാത്ത ഇടങ്ങളിൽ പഗോഡ മാത്യകയിലുള്ള പന്തലും ഒരുക്കും.