തിരുവനന്തപുരം : ശ്രീനാരായണ ഗുരുവിന്റെ മഹാസമാധി ശതാബ്ദി ആഘോഷം ഇന്ന് വർക്കല ശിവഗിരി മഠത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഗുരു ഇന്ത്യയിലെ മഹാനായ ആത്മീയ നേതാക്കളിൽ ഒരാളും സാമൂഹിക പരിഷ്കർത്താവുമായിരുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. രാജ്യത്തിന്റെ സാമൂഹികവും ആത്മീയവുമായ ഭൂമികയെ സ്വാധീനിച്ച ഒരു സന്യാസിയും തത്വചിന്തകനുമായിരുന്നു അദ്ദേഹം. സമത്വം, ഐക്യം, മനുഷ്യ സ്നേഹം എന്നീ ആദർശങ്ങളിൽ വിശ്വസിക്കാൻ അദ്ദേഹം തലമുറകളെ പ്രചോദിപ്പിച്ചുവെന്നും രാഷ്ട്രപതി പറഞ്ഞു.
അദ്ദേഹത്തിൻ്റെ തത്വങ്ങൾ മതം, ജാതി, വിശ്വാസം എന്നിവയുടെ അതിരുകൾക്കപ്പുറത്തേക്ക് കടന്നുപോയി .ശ്രീനാരായണ ഗുരുവിന്റെ ഐക്യ സന്ദേശം നമ്മെ ഓർമ്മിപ്പിക്കുന്നത് എല്ലാ മനുഷ്യരും ഒരേ ദൈവികസത്ത പങ്കിടുന്നുവെന്നാണ്. ഇന്നത്തെ ലോകത്ത് ശ്രീനാരായണ ഗുരുവിന്റെ സന്ദേശം കൂടുതൽ പ്രസക്തമാകുന്നുവെന്നും രാഷ്ട്രപതി ഊന്നിപ്പറഞ്ഞു.
ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, സംസ്ഥാന മന്ത്രിമാരായ വി ശിവൻകുട്ടി, വി എൻ വാസവൻ, എം പി അടൂര്‍ പ്രകാശ്, എം എൽ എ , വി ജോയ്, ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, മുൻ കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്ര ശേഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.