പത്തനംതിട്ട : അയ്യപ്പ ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുര്‍മു പത്തനംതിട്ടയിലെത്തി .9 ന് പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ഹെലികോപ്റ്ററിൽ ഇറങ്ങിയ രാഷ്ട്രപതി റോഡ് മാർഗം പമ്പയിലേക്ക് യാത്ര തിരിച്ചു . പമ്പ ഗണപതി ക്ഷേത്രത്തിലെത്തി കെട്ടുനിറച്ച് പതിനെട്ടാംപടി ചവിട്ടി രാഷ്ട്രപതി അയ്യപ്പനെ ദർശിക്കും.11.50ന് സന്നിധാനത്ത് എത്തുന്ന രാഷ്ട്രപതിയെ കൊടിമരച്ചുവട്ടിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണകുംഭം നൽകി സ്വീകരിക്കും .ദർശനംശേഷം സന്നിധാനത്ത് പ്രധാന ഓഫീസ് കോംപ്ലക്സിൽ പ്രത്യേകം സജ്ജമാക്കിയ മുറിയിൽ രണ്ടുമണിക്കൂർ വിശ്രമിക്കും .സന്നിധാനത്തു നിന്ന് മടങ്ങുന്ന രാഷ്ട്രപതി നിലയ്ക്കൽ നിന്ന് ഹെലികോപ്റ്ററിൽ തിരുവനന്തപുരത്തേക്ക് തിരിക്കും.
അതേസമയം ,പ്രമാടത്ത് രാഷ്ട്രപതി ദ്രൗപദി മുർമു വന്നിറങ്ങിയ ഹെലികോപ്റ്ററിന്റെ ടയറുകൾ കോൺക്രീറ്റ് ചെയ്ത ഹെലിപാഡിൽ താഴ്ന്നു. തുടർന്ന് പൊലീസും അഗ്നിരക്ഷാ സേനയുമെത്തി ഹെലികോപ്ടർ തള്ളി മാറ്റി. നേരത്തെ ഹെലിക്കോപ്റ്റർ നിലയ്ക്കൽ ഇറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, കാലാവസ്ഥ പ്രതികൂലമായതിനാൽ പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ഇറക്കാൻ തീരുമാനിക്കുകയായിരുന്നു.അതിനാൽ ഇന്ന് രാവിലെയാണ് പ്രമാടത്ത് കോൺക്രീറ്റ് ഇട്ടത്.