ചെന്നൈ : രാമേശ്വരത്തെ പുതിയ പാമ്പൻ റെയിൽപാലം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിച്ചു. രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് കടൽപാലമാണ് രാമനാഥപുരത്തെ പാമ്പൻ ദ്വീപിനെയും തീർഥാടനകേന്ദ്രമായ രാമേശ്വരത്തെയും ബന്ധിപ്പിക്കുന്ന പാമ്പൻപാലം.രാമേശ്വരത്തുനിന്ന് താംബരത്തേക്കുള്ള പുതിയ തീവണ്ടി സർവീസും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു. തീവണ്ടി കടന്നുപോയതിനുശേഷം പ്രധാനമന്ത്രി പാലത്തിന്റെ വെർട്ടിക്കൽ ലിഫ്റ്റ് സ്പാൻ ഉയർത്തിയതോടെ തീരസംരക്ഷണസേനയുടെ കപ്പൽ പാലത്തിനടിയിലൂടെ കടന്നുപോയി.
1964-ൽ രാമേശ്വരത്തുണ്ടായ ചുഴലിക്കാറ്റിൽ തകർന്ന പാമ്പൻപാലത്തിന്റെ അറ്റകുറ്റപ്പണി അസാധ്യമായ സാഹചര്യത്തിലാണ് പുതിയ പാലം നിർമിക്കാൻ തീരുമാനിച്ചത്.18.3 മീറ്റർ അകലത്തിൽ 99 തൂണുകളും നടുവിലായി 72.5 മീറ്ററുള്ള നാവിഗേഷൻ സ്പാനുമാണ് പുതിയ പാലത്തിലുള്ളത്. ഇന്ത്യൻ റെയിൽവേയുടെ എൻജിനീയറിങ് വിഭാഗമായ റെയിൽ വികാസ് നിഗം ലിമിറ്റഡാണ് 535 കോടി രൂപ ചെലവിൽ പുതിയ പാലം നിർമിച്ചത്.