ന്യൂഡല്‍ഹി: നെല്‍കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്ര ഭക്ഷ്യ- പൊതുവിതരണ മന്ത്രി പ്രള്‍ഹാദ് ജോഷി, വാണിജ്യ -വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. നെല്ലിന്റെ സംഭരണം ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ നേരിട്ട് നടത്തണമെന്ന് കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു.
കേരളത്തിലെ നെല്‍കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് നെല്ല് സംഭരിച്ച ശേഷം പണം നല്‍കാത്തത്. ഇക്കാര്യത്തില്‍ കേന്ദ്ര ഇടപെടല്‍ വേണമെന്ന് നേരത്തെ തന്നെ രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കേന്ദ്രസംഘം കേരളത്തില്‍ എത്തി. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കര്‍ഷകരുമായി നേരിട്ട് സംവദിക്കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായാണ് മന്ത്രിമാരായ പ്രള്‍ഹാദ് ജോഷി, പിയൂഷ് ഗോയല്‍ എന്നിവരുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂടിക്കാഴ്ച നടത്തിയത്.
നെല്ല് സംഭരണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരോട് കാട്ടുന്ന വഞ്ചന അവസാനിപ്പിക്കാന്‍ നെല്ല് ഏറ്റെടുക്കല്‍ നടപടി പൂര്‍ണമായും കേന്ദ്രം നേരിട്ട് നടത്തണമെന്നതാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. എങ്കില്‍ മാത്രമേ കര്‍ഷകര്‍ക്ക് അവരുടെ കഷ്ടപ്പാടിന്റെ ഫലം കൃത്യസമയത്ത് ലഭിക്കുകയുള്ളു. സംസ്ഥാന സര്‍ക്കാര്‍ പണം നല്‍കാതെ കേന്ദ്രത്തെ പഴിചാരുകയാണ്.
കൃത്യമായി ഓഡിറ്റിംഗ് നടത്തി റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് കൈമാറാതെ കര്‍ഷകരെ പെരുവഴിയില്‍ ആക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ അവസാനിപ്പിക്കാന്‍ അവര്‍ തയാറാകാത്ത പശ്ചാത്തലത്തില്‍ നടപടി കേന്ദ്രം നേരിട്ട് നടത്തുകയല്ലാതെ മറ്റ് പോംവഴികള്‍ ഇല്ല. ഈ വിവരങ്ങളും കേന്ദ്രമന്ത്രിമാരെ അറിയിച്ചിട്ടുണ്ട്.