പത്തനംതിട്ട : കേരളത്തെ കാർന്നു തിന്നുന്ന ലഹരി മാഫിയയ്ക്കെതിരേ മുൻ ആഭ്യന്തര മന്ത്രിയും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ‘വാക്ക് എഗേൻസ്റ്റ് ഡ്രഗ്സ്” വാക്കത്തോൺ ജൂലൈ 14 ന് പത്തനംതിട്ടയിൽ സംഘടിപ്പിക്കും. യുവാക്കൾക്കിടയിൽ പടർന്നു പന്തലിക്കുന്ന ലഹരിമരുന്നു ഉപയോഗത്തിനെതിരെ എല്ലാവിഭാഗത്തിൽപ്പെട്ട ജനങ്ങളെയും അണിനിരത്തി ജനകീയ പ്രതിരോധം തീർക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ഈ പരിപാടി നടത്തുന്നത്. സാമൂഹിക തിന്മകൾക്കെതിരെ പ്രവർത്തിക്കുന്ന പ്രൗഡ് കേരള എന്ന സംഘടനയുടെ നേതൃത്വത്തിൽ ആണ് സംഗമം.
വിദ്യാർഥികൾ, യുവജനങ്ങൾ, സന്നദ്ധ സംഘടനകൾ, മദ്യവിരുദ്ധ- ലഹരിവിരുദ്ധ സംഘടനകളുടെ പ്രതിനിധികൾ, സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖർ തുടങ്ങിയവരെ അണിനിരത്തിയാണ് പ്രോഗാം. ലഹരി മരുന്നിനെതിരയുള്ള ബോധവൽക്കരണത്തിനായി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ രൂപം കൊണ്ട രാഷ്ട്രീയ രഹിത ജനമുന്നേറ്റമാണ് പ്രൗഡ് കേരള മൂവ്‌മെന്റ്.
14 ന് രാവിലെ 6മണിക്ക് മാക്കാംകുന്നു സെന്റ്റ്. സ്റ്റീഫൻ ഓർത്തഡോസ് പള്ളിക്ക് സമീപത്തുനിന്നും പ്രഭാത നടത്തം തുടങ്ങും. ഡോ. ജോസഫ് മാർ ബർണ ബാസ് സഫ്റഗൻ മെത്രാപോലിത്ത, ഡോ.എബ്രഹാം മാർ സെറാഫിൻ മെത്രാപോലിത്ത, എൻ എസ് എസ് യൂണിയൻ പ്രസിഡണ്ട് അഡ്വ. ഹരിദാസ് ഇടത്തിട്ട, എസ് എൻ ഡി പി യൂണിയൻ ചെയർമാൻ കെ .പത്മകുമാർ, അബ്ദുൽ ഷുക്കൂർ മൗലവി അൽ ഘാസിം, തുടങ്ങി വിവിധ രാഷ്ട്രീയ നേതാക്കളും സാമൂഹ്യ സാംസ്‌കാരിക നേതാക്കളും ചലച്ചിത്ര പ്രവർത്തകരും ജനപ്രതിനിധികളും പങ്കെടുക്കുമെന്ന് പ്രൗഡ് കേരള ജില്ലാ കൺവീനർ അഡ്വ. വെട്ടൂർ ജ്യോതിപ്രസാദ് ,ജില്ലാ കോർഡിനേറ്റർ റോജി കാട്ടാശേരി, ഫെലിസിറ്റേറ്റർ തട്ടയിൽ ഹരികുമാർ, എക്സിക്യൂട്ടിവ് അംഗങ്ങൾ ആയ അഡ്വ. ജോൺസൺ വിളവിനാൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു .