മല്ലപ്പള്ളി : മല്ലപ്പള്ളി പുല്ലുകുത്തി റോഡിലെ തൊട്ടിപ്പടിക്ക് അടുത്തുള്ള കലുങ്കിന്റെ പുനര്‍നിര്‍മ്മാണം ആരംഭിച്ചു. കാലപ്പഴക്കമുള്ള കലുങ്കിന്റെ ഭിത്തികൾ ഉള്‍പ്പടെ മണിമലയാറിൻ്റെ സംരക്ഷണ ഭിത്തികളും തകര്‍ച്ചയിലാണെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികൾ ജീനകീയ സമിതി രൂപീകരിക്കുകയും അധികാരികൾക്ക് പരാതികൾ നൽകുകയും ചെയ്തിരുന്നു. തുടർന്നാണ് നടപടിയിലേക്ക് നീങ്ങിയത്.
ജൂൺ മാസത്തിലാണ് കലുങ്കിൻ്റെ വശത്തായി ഗർത്തം രൂപപ്പെട്ട് തുടങ്ങിയത്. പിന്നീടുണ്ടായ കനത്ത മഴയിൽ കലുങ്ക് ഭാഗീകമായി തകരുകയായിരുന്നു. പ്രദേശവാസികളുടെ നിർദ്ദേശത്തെ തുടർന്ന് തിരുവല്ലയിൽ നിന്നും പൊതുമരാമത്ത് മെയിൻ്റനസ് വിഭാഗം സ്ഥലത്ത് എത്തി പരിശോധനകൾ നടത്തിയെങ്കിലും കലുങ്ക് പൂർണ്ണമായ് തകർച്ചയിലായതിനാൽ കാര്യത്തിലേക്ക് നീങ്ങിയില്ല.
കലുങ്ക് പൂര്‍ണ്ണമായി പൊളിച്ചുമാറ്റി പുനര്‍നിര്‍മ്മിക്കേണ്ടതിനാൽ റോഡ് മെയിന്റനന്‍സ് വിഭാഗത്തില്‍ നിന്നും പൊതുമരാമത്ത് നിരത്ത് വിഭാഗം നിര്‍മ്മാണം ഏറ്റെടുത്തിരുന്നു. 25 ലക്ഷം രൂപ മുടക്കിയാണ് കലുങ്ക് നിര്‍മാണം ആരംഭിച്ചത്. രണ്ട് മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കി റോഡ് യാത്രായോഗ്യമാക്കുമെന്ന് പൊതുമരാമത്ത് ഉദ്യാഗസ്ഥര്‍ പറഞ്ഞു.
നിര്‍മ്മാണം പൂര്‍ത്തീകരിക്കും വരെ മല്ലപ്പള്ളി ഭാഗത്തുനിന്നും നൂറോമ്മാവിലേക്ക് പോകേണ്ടവര്‍ ഹനുമാന്‍ കുന്ന് വഴിയും, മുരണി കാവനാല്‍ കടവ് വഴിയും യാത്ര ചെയ്യണമെന്നു അധികൃതര്‍ അറിയിച്ചു.






