തിരുവനന്തപുരം : അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ദീപാവലി ആഘോഷങ്ങളിൽ നിശബ്ദ മേഖലകളായ ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, തുടങ്ങിയവയുടെ 100 മീറ്റർ ചുറ്റളവിനുള്ളിൽ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കാൻ പാടില്ലെന്ന ഉത്തരവ് ഗവൺമെന്റ് പുറത്തിറക്കി. സുപ്രീം കോടതി ഉത്തരവും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശവും കണക്കിലെടുത്ത് ഹരിതപടക്കങ്ങൾ മാത്രമേ സംസ്ഥാനത്ത് വിൽക്കാനും ഉപയോഗിക്കാനും പാടുള്ളൂ എന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നിർദേശത്തെ തുടർന്നാണ് നടപടി.
ദീപാവലി അഘോഷങ്ങളിൽ പടക്കം പൊട്ടിക്കുന്നത് രാത്രി 8 മുതൽ 10 വരെയും ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങളിൽ രാത്രി 11.55 മുതൽ പുലർച്ചെ 12.30 വരെയുമാക്കി നിയന്ത്രിച്ച് സംസ്ഥാന സർക്കാർ മുൻപ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിന്റെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശത്തിന്റെയും അടിസ്ഥാനത്തിലാണ് ഉത്തരവ്.