തൃശൂർ: ഫാക്ടംഫോസിന്റെ (15-15-0-13) വില ചാക്കിന് 50 രൂപ കൂട്ടി. 1,425 രൂപയായിരുന്നത് 1,475 രൂപയാക്കി. ആറുമാസത്തിനിടെ ചാക്കിന് 125 രൂപയാണ് കൂടിയത്. കേന്ദ്രസർക്കാർ രാസവളങ്ങൾക്ക് നൽകുന്ന സബ്‌സിഡിയിൽ കുറവ് വരുത്തിയതോടെയാണ് വില കുതിച്ചുയരുന്നത്. തത്തുല്യമായ ഇഫ്‌കോ വളത്തിന്റെ വില 1,400-ൽ നിന്ന് 1,450 രൂപയാക്കിയിരുന്നു. മറ്റ് സ്വകാര്യ രാസവളം കമ്പനികളും സമാനമായ വളത്തിന് ചാക്കിന് 50 രൂപ കൂട്ടിയിട്ടുണ്ട്.
പൊട്ടാഷിന്റെ വില ആറുമാസത്തിനിടെ ചാക്കിന് 400 രൂപ കൂടിയതിന് പിന്നാലെയാണിത്. പൊട്ടാഷിന് ചാക്കിന് 1,400-ൽനിന്ന് 1,800 രൂപയായി ഉയർന്നു. ഫാക്ടിന്റെ 15-15-15 എന്ന പൊട്ടാഷ് ചേർന്ന വളത്തിന്റെ വില 1,425-ൽനിന്ന് 1,650 രൂപയായി. ഐപിഎല്ലിന്റെ 16-16-16 എന്ന കോംപ്ലക്സ് വളത്തിന് 50 രൂപ വർധിച്ച്1,675 രൂപയായി. ഉയർന്ന സബ്‌സിഡിയുള്ള ഡൈ അമോണിയം ഫോസ്‌ഫേറ്റ് (1,350 രൂപ), യൂറിയ (266.50 രൂപ) എന്നിവയുടെ വില മാത്രമാണ് കൂടാത്തത്.
തുടർച്ചയായ മഴയ്ക്ക് ഇടവേളയായതോടെ നെല്ല്, തെങ്ങ്, റബ്ബർ, പഴം, പച്ചക്കറി, തേയില, ഏലം തുടങ്ങിയ വിളകൾക്കെല്ലാം വളമിടേണ്ട സമയമാണ്. ഫാക്ടംഫോസ് ലഭിക്കാൻ ആനുപാതികമായി സൾഫേറ്റുകൂടി എടുക്കണമെന്ന് വ്യാപാരികൾ നിർബന്ധിക്കുന്നതായി കർഷകർ പറയുന്നു. വർധിച്ച കൃഷിച്ചെലവുകൾക്കു പുറമേ, രാസവളത്തിന്റെ വിലവർധന കർഷകർക്ക് അധികബാധ്യതയാകുന്നു






