പത്തനംതിട്ട: സ്വർണപാളി വിവാദത്തില്‍ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി ദേവസ്വം വിജിലന്‍സ്. സ്വർണം പൂശുന്നതിനും അന്നദാനത്തിന്‍റെ പേരിലും ഉണ്ണികൃഷ്ണന്‍ പോറ്റി വ്യാപക പണപ്പിരിവ് നടത്തിയെന്നാണ് ദേവസ്വം വിജിലൻസിൻ്റെ കണ്ടെത്തല്‍.
മറ്റ് സംസ്ഥാനങ്ങളിലും പണപ്പിരിവ് നടത്തി. സ്വർണ പാളി ബെംഗളൂരൂവില്‍ കൊണ്ടുപോയതും പണപിരിവിന്‍റെ ഭാഗമെന്നാണ് സംശയം. ശബരിമലയുമായി അടുത്ത ബന്ധമുണ്ടെന്ന് വരുത്തിത്തീർത്ത് കർണ്ണാടക സ്വദേശികളായ സമ്പന്നരായ അയ്യപ്പഭക്തരിൽ നിന്നും പണപ്പിരിവ് നടത്തിയെന്ന ആരോപണം ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ നേരത്തെതന്നെ ഉണ്ടായിരുന്നു. അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ സ്വർണ്ണപാളി ശബരിമല ശ്രീകോവിൽ വാതിൽ എന്ന പേരിൽ ബംഗലൂരുവിലെ ശ്രീറാംപുര അയ്യപ്പ ക്ഷേത്രത്തിൽ എത്തിച്ച് പൂജിച്ച വാർത്തകളും പുറത്ത് വന്നിരുന്നു.
എന്നാൽ സ്വർണ പാളി വിവാദത്തിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത് രംഗത്തെത്തി. കണക്കിൻ്റെ കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് പിഎസ് പ്രശാന്ത് പറഞ്ഞു. കോടതി അവർക്ക് മുന്നിൽ വന്ന കാര്യങ്ങൾ വച്ചാണ് സംസാരിച്ചത്.
സന്നിധാനത്തെ സ്വർണവുമായി ബന്ധപ്പെട്ട കൃത്യമായ കണക്ക് ബോർഡിൻ്റെ പക്കലുണ്ട്. 18 ലോക്കറുകളിലായി സ്വർണം സൂക്ഷിച്ചിട്ടുണ്ട്. ഇതിൽ 467 കിലോഗ്രാം സ്വർണം മോണിറ്റൈസേഷനായി റിസർവ് ബാങ്കിന് നൽകിയിട്ടുണ്ട്. ഇതിന്റെയെല്ലാം കൃത്യമായ രേഖകൾ ഉണ്ട്. ഈ രേഖകൾ ഹൈക്കോടതിക്ക് മുന്നിൽ സമർപ്പിക്കുന്നതിലും ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നും പ്രശാന്ത് പറഞ്ഞു.