പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ള നടന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്നും എസ് ഐ ടി അന്വേഷണം പ്രഹസനമാണെന്നും കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്നും ബി ജെ പി മുൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ശബരിമല സ്വർണ്ണക്കൊള്ളയ്ക്കെതിരെ റാന്നിയിൽ ബിജെ പി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
സർക്കാർ എസ് ഐ ടി അന്വേഷണം പ്രഖ്യാപിക്കുന്നതിന് തലേന്ന് മുഖ്യമന്ത്രിയും മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും തമ്മിൽ അടിയന്തര കൂടിക്കാഴ്ച നടത്തി. സ്വർണ്ണ കൊള്ള സംബന്ധിച്ച യഥാർഥ വിവരങ്ങൾ പുറത്തു വിടാതിരിക്കാനുള്ള രഹസ്യ സംഗമമായിരുന്നു നടന്നത്. ഇത് അനുസരിച്ചുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്.
ഉണ്ണികൃഷ്ണൻ പോറ്റിയേയും ഏതാനും ഉദ്യോഗസ്ഥരെയും മാത്രം പ്രതികളാക്കി മന്ത്രിമാരും ദേവസ്വം ബോർഡ് പ്രസിഡൻ്റുമാരും ഉൾപ്പെടെയുള്ളവരെ സംരക്ഷിക്കുന്നതിനുള്ള തന്ത്രങ്ങളാണ് എസ്ഐ ടി നടത്തുന്നത്. അതിനാലാണ് കേന്ദ്ര ഏജൻസി സ്വർണ്ണക്കൊളളയെക്കുറിച്ച് അന്വേഷിക്കാൻ ബിജെ പി ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന് കത്ത് നൽകാൻ പിണറായി വിജയന് ധൈര്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
പൊറോട്ടയും ബീഫും കഴിച്ചിട്ടാണ് 2018 ൽ ആക്ടിവിസ്റ്റുകൾ ശബരിമലയിൽ എത്തിയതെന്ന എൻ കെ പ്രേമചന്രൻ്റെ പ്രസ്താവനയെക്കുറിച്ച് തനിക്കറിയില്ല. എന്നാൽ പിണറായി സർക്കാരാണ് സ്ത്രീകളെ ആചാരം ലംഘിച്ച് ശബരിമലയിൽ കയറ്റിയതെന്ന് സുരേന്ദ്രൻ പറഞ്ഞു. ഉള്ളതു പറഞ്ഞതിന് പ്രേമചന്ദ്രന് എതിരെ സി പി എം നടത്തുന്ന സൈബർ ആക്രമണത്തോട് യോജിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.