കൊല്ലം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അധ്യക്ഷനും സിപിഎം നേതാവുമായ എ.പത്മകുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. ദ്വാരപാലക ശിലപ്പങ്ങളിലെ സ്വർണ്ണം കുറച്ച് കാണിച്ചു ചെമ്പെന്ന് രേഖപ്പെടുത്തിയതിലും, ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതിലും വലിയ ഗൂഢാലോചനയുണ്ടെന്നും പത്മകുമാറിന് അതിൽ പങ്കുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചതിനെ തുടർന്നാണ് കോടതി ഈ നടപടി സ്വീകരിച്ചത്.
ദ്വാരപാലക ശില്പകേസിലും പത്മകുമാർ നിലവിൽ റിമാൻഡിലാണ്. ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എ. പത്മകുമാർ ദേവസ്വം മിനിറ്റ്സിൽ മനഃപൂർവം തിരുത്തൽ വരുത്തിയെന്നും സ്വർണപാളി കൈമാറാൻ സ്വന്തം കൈപ്പടയിൽ അനുമതി രേഖപ്പെടുത്തിയെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇത് ക്രിമിനൽ ഗൂഢാലോചനയും സംഘടിത കുറ്റകൃത്യവുമാണെന്ന് എസ്.ഐ.ടി കോടതിയെ അറിയിച്ചു.
സ്വര്‍ണപാളി കൈമാറാന്‍ തന്ത്രിയാണ് അനുമതി നല്‍കിയതെന്ന പത്മകുമാറിന്റെ വാദം തെറ്റാണ്. മിനുട്‌സില്‍ അനുവാദം രേഖപ്പെടുത്തിയതിന് ശേഷമാണ് സ്വര്‍ണപാളി ഉണ്ണികൃഷ്ണന്‍ പോറ്റിയ്‌ക്ക് കൈമാറിയതെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തല്‍. നേരത്തെ സ്വര്‍ണക്കൊള്ളയില്‍ പ്രതികള്‍ നടത്തിയത് ക്രിമിനല്‍ ഗൂഢാലോചനയാണെന്ന് എസ്.ഐ.ടി ഹൈക്കോടതിയെ അറിയിച്ചിരുന്നു.






