കൊച്ചി : പ്രതികൂല കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ,മൂന്നിനും നാലിനും കർക്കടക വാവിനോട് അനുബന്ധിച്ചുള്ള ബലി തർപ്പണത്തിനു ഭക്തർക്കും മറ്റുള്ളവർക്കും സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന പൊലീസ് മേധാവിക്കും സർക്കാരിനും ഹൈക്കോടതി നിർദേശം നൽകി. ജില്ലാ പൊലീസ് മേധാവിമാർ വഴി വേണ്ട നടപടികൾ സ്വീകരിക്കാനാണു ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ,ജസ്റ്റിസ് ഹരിശങ്കർ വി.മേനോൻ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് നിർദേശം നൽകിയത്.
ദേവസ്വത്തിനു കീഴിലുള്ള ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ യോഗ്യരായ പുരോഹിതർ വഴി ദേവസ്വം ബോർഡുകൾ വേണ്ട നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. മറ്റു സ്ഥലങ്ങളിൽ ജില്ലാ ഭരണകൂടവും പൊലീസും സുരക്ഷയ്ക്കായുള്ള നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.
ഭാരതീയ ജ്യോതിഷ വിചാര സംഘം നൽകിയ ഹർജി പരിഗണിച്ചാണു നിർദേശം. സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടു സംസ്ഥാന പൊലീസ് മേധാവിയെ കോടതി നേരത്തെ സ്വമേധയാ കക്ഷിചേർത്തിരുന്നു.