വിമാനമാർഗം തിരുവനന്തപുരത്ത് എത്തിച്ചഭൗതിക ശരീരം ഇന്ന് രാവിലെ 10.30 ന് ഇലന്തൂർ മാർക്കറ്റ് ജംഗ്ഷനിൽ കൊണ്ടു വന്ന ശേഷം തുറന്ന സൈനിക വാഹനത്തിൽ സൈനിക അകമ്പടിയോടെ വിലാപ യാത്രയായി തോമസ് ചെറിയാൻ്റെ ജ്യേഷ്ഠ സഹോദരൻ്റെ മകൻ ഷൈജു കെ. മാത്യുവിൻ്റെ ഭവനത്തിൽ കൊണ്ടു വന്നു. കുര്യാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പൊലീത്തയുടെ കാർമികത്വത്തിൽ ഭവനത്തിലെ ശുശ്രൂഷകൾ കഴിഞ്ഞ് 12.40 ന് ആണ് കാരൂർ പള്ളിയിലേക്ക് ഭൗതികദേഹം കൊണ്ടു പോയത്. പൂർണ സൈനിക ബഹുമതിയോടെയും മതാചാരപ്രകാരവുമായിരുന്നു സംസ്കാരചടക്കുകൾ നടന്നത്.
56 വർഷങ്ങൾക്ക് ശേഷം ഹിമാചൽ പ്രദേശിലെ റോഹ്താങ്ങിൽ നിന്നും സൈന്യം വീണ്ടെടുത്ത പൊന്നച്ചൻ എന്ന തോമസ് ചെറിയാൻ്റെ മൃതദേഹത്തിൽ അന്തിമോപചാരമർപ്പിക്കാൻ, സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖരടക്കം ആയിരങ്ങളാണ് കുടുംബ വീടായ ഓടാലിൽ വീട്ടിലും ഇലന്തൂർ മാർക്കറ്റ് ജംഷനിലും കാരൂർ പള്ളിയിലും എത്തിച്ചേർന്നത്. വ്യാപാരി വ്യവസായി സംഘടനകളും, രാഷ്ടീയ പാർട്ടി പ്രതിനിധികളും വിമുക്തഭട സംഘടനാ പ്രതിനിധികളും മൃതദേഹത്തിൽ അന്തിമോപചാരമർപ്പിച്ചു.