തിരുവനന്തപുരം : കേരളത്തിൽ കോൾഡ്രിഫ് (Coldrif) സിറപ്പിന്റെ വിൽപന സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് നിർത്തിവയ്പ്പിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോൾഡ്രിഫ് സിറപ്പിന്റെ എസ്.ആർ. 13 ബാച്ചിൽ പ്രശ്നം കണ്ടെത്തിയെന്ന് കേരളത്തിന് പുറത്ത് നിന്നുള്ള റിപ്പോർട്ടുകളെ തുടർന്നാണ് നടപടി.
ഈ ബാച്ച് മരുന്നിന്റെ വിൽപ്പന കേരളത്തിൽ നടത്തിയിട്ടില്ല എന്നാണ് സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിൽ നിന്നും മനസിലാക്കിയത്. എങ്കിലും സുരക്ഷയെ കരുതിയാണ് കോൾഡ്രിഫ് മരുന്നിന്റെ വിതരണവും വിൽപ്പനയും പൂർണമായും നിർത്തിവയ്ക്കാൻ ഡ്രഗ്സ് കൺട്രോളർ ഡ്രഗ്സ് ഇൻസ്പെക്ടർമാർക്ക് നിർദേശം നൽകിയത്. കേരളത്തിൽ 8 വിതരണക്കാർ വഴിയാണ് ഈ മരുന്നിന്റെ വിൽപ്പന നടത്തുന്നത്. ഈ കേന്ദ്രങ്ങളിലെല്ലാം തന്നെ വിതരണവും വിൽപനയും നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ മെഡിക്കൽ സ്റ്റോറുകൾ വഴിയുള്ള കോൾഡ്രിഫ് സിറപ്പിന്റെ വിൽപ്പനയും നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സെൻട്രൽ ഡി.ജി.എച്ച്.സിന്റെ നിർദ്ദേശപ്രകാരം 2 വയസിന് താഴെയുള്ള കുട്ടികൾക്ക് ഡോക്ടർമാർ ചുമയ്ക്കുള്ള സിറപ്പ് പ്രിസ്‌ക്രൈബ് ചെയ്യരുത്. അഥവാ അത്തരത്തിൽ മരുന്ന് കുറിപ്പടി വന്നാലും ചുമയ്ക്കുള്ള സിറപ്പ് നൽകരുതെന്ന് എല്ലാ മെഡിക്കൽ സ്റ്റോറുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. 5 വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് ചുമയ്ക്കുള്ള സിറപ്പ് നൽകുന്നെങ്കിൽ നിരീക്ഷണം ശക്തമാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.