തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമത്തിൽ സംഘപരിവാറിനേയും കേന്ദ്രമന്ത്രിമാരെയും ക്ഷണിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. ആഗോള അയ്യപ്പ സംഗമത്തിൽ വേർതിരിവും രാഷ്ട്രീയവും ഇല്ല. ശബരിമലയുടെ വികസന കാര്യത്തിൽ ആരേയും മാറ്റിനിർത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
അയ്യപ്പവിശ്വാസം മാത്രമാണ് പ്രധാനം. പരിപാടിയുടെ നോട്ടീസ് തയ്യാറാക്കുന്നതേയുള്ളൂ. കേരളത്തിൽനിന്നുള്ള രണ്ട് കേന്ദ്രമന്ത്രിമാരെയും അയ്യപ്പ സംഗമത്തിൽ ക്ഷണിക്കും. അവരെ മാറ്റിനിർത്തി മുന്നോട്ടു പോകാൻ കഴിയില്ലെന്നും പി.എസ്. പ്രശാന്ത് കൂട്ടിച്ചേർത്തു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വരുമെന്നാണ് പ്രതീക്ഷയെന്നും അന്തിമ തീരുമാനമായിട്ടില്ല.
അയ്യപ്പ സംഗമത്തിൽ മുഖ്യാതിഥിയായി സ്റ്റാലിനെയായിരുന്നു സർക്കാർ നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ സ്റ്റാലിൻ എത്തില്ലെന്നും പകരം തമിഴ്നാട്ടിൽനിന്നുള്ള പ്രതിനിധികൾ സംഗമത്തിലേക്ക് എത്തുമെന്നാണ് വിവരം. ദേവസ്വം മന്ത്രി വി.എൻ. വാസവൻ ചെന്നൈയിൽ നേരിട്ടെത്തി സ്റ്റാലിനെ സംഗമത്തിലേക്ക് ക്ഷണിച്ചിരുന്നു.
സെപ്റ്റംബർ 20-ന് പമ്പാതീരത്താണ് തിരുവിതാംകൂർ ദേവസ്വംബോർഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമം. മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യുമെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു.






