പത്തനംതിട്ട : ജലജന്യ രോഗങ്ങളായ മഞ്ഞപ്പിത്തം, വയറിളക്കം എന്നിവ തിരിച്ചറിയാന്‍ ശാസ്ത്രീയ പരിശോധന അനിവാര്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ എല്‍ അനിത കുമാരി അറിയിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണം. മഞ്ഞപ്പിത്തത്തിനു കാരണമായ വൈറസുകള്‍ക്ക് എ, ബി, സി, ഡി വകഭേദങ്ങള്‍ ഉണ്ട്. ഹെപ്പറ്റൈറ്റീസ് എ മലിനജലത്തിലൂടെയും ബി, സി, ഡി എന്നിവ രക്തം വഴിയും പകരുന്നു. രോഗകാരിയായ വൈറസിനെ ലാബ് പരിശോധന വഴിയാണ് തിരിച്ചറിയുന്നത്. മഞ്ഞപ്പിത്ത രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തിലെത്തി ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് ചികിത്സ ആരംഭിക്കണം.
പുറത്തുനിന്നു ശീതളപാനീയങ്ങളും ഭക്ഷണവും കഴിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. വയറിളക്ക രോഗങ്ങള്‍, ഹെപ്പറ്റൈറ്റിസ് എ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.മഞ്ഞപ്പിത്ത രോഗബാധ (ഹെപ്പറ്റൈറ്റിസ് എ), വയറിളക്ക രോഗങ്ങള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ മലിനമായ കുടിവെള്ളത്തിന്റെ ഉപയോഗം, പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമേ നിന്നുള്ള ഭക്ഷണത്തിന്റെയും ശീതള പാനീയങ്ങളുടെയും ഉപയോഗം, ശീതള പാനീയങ്ങളിലും മറ്റും വ്യവസായ ഉപയോഗത്തിനു മാത്രമുള്ള ഐസ് ചേര്‍ക്കല്‍, ശുചിത്വക്കുറവ് എന്നീ കാരണങ്ങളാണ് പ്രധാനം.
വിവാഹങ്ങള്‍ക്കും മറ്റു ചടങ്ങുകള്‍ക്കും നല്‍കുന്ന വെല്‍ക്കം ഡ്രിങ്കും തിളപ്പിച്ച വെള്ളത്തില്‍ പച്ചവെള്ളം ചേര്‍ത്ത് നല്‍കുന്നതും രോഗനിരക്ക് വര്‍ധിക്കാന്‍ കാരണമാണ്. മഞ്ഞപ്പിത്തം പടര്‍ന്നു പിടിക്കാതിരിക്കാന്‍ വ്യക്തിശുചിത്വം, ആഹാര ശുചിത്വം, കുടിവെള്ള ശുചിത്വം, പരിസരശുചിത്വം എന്നിവ ഉറപ്പാക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.