തിരുവല്ല: സാമൂഹിക സുരക്ഷാ പെൻഷൻ നവംബർ 20 നു ശേഷം വിതരണം ചെയ്യുമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ. പ്രതിമാസം 2,000 രൂപയായി വർധിപ്പിച്ച തുകയും കുടിശികയിലെ അവസാന ഗഡുവായ 1600 രൂപയും ഉൾപ്പടെ 3600 രൂപയാണ് വിതരണം ചെയ്യുന്നത്. സംസ്ഥാന ബജറ്റിൽ രണ്ട് കോടി രൂപ അനുവദിച്ച നെടുമ്പ്രം പഞ്ചായത്ത് സ്റ്റേഡിയം, മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയ വടശ്ശേരിൽ പടി -നാലൊന്നിൽ പടി റോഡ്, ശ്‌മശാനം റോഡ് എന്നിവയുടെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ 10 വർഷം സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തലത്തിൽ നിരവധി വികസനം സാധ്യമാക്കി. റോഡ്, പാലം, സ്കൂൾ, ആശുപത്രി തുടങ്ങി എല്ലാ മേഖലയിലും സമഗ്ര വികസനം നടത്തി.നാട്ടിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചു. വിജ്ഞാന കേരളം പദ്ധതിയിൽ വിവര സാങ്കേതികവിദ്യ ഉൾപ്പെടുത്തി കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും .പഠനം പൂർത്തിയാക്കിയ അഞ്ച് ലക്ഷം പേർക്ക് കണക്ട് ടു വർക്ക് പദ്ധതിയിലൂടെ തൊഴിൽ നൽകും .
മുഖ്യമന്ത്രിയുടെ പ്രത്യേക പദ്ധതിയിൽ 1000 കോടി രൂപ വിനിയോഗിച്ചാണ് ഗ്രാമീണ റോഡുകളുടെ വികസനം സാധ്യമാക്കുന്നത്.പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ ടെൻഡർ നടപടി പൂർത്തിയാക്കി നിർമ്മാണം വേഗത്തിൽ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.മാത്യു ടി. തോമസ് എം.എൽ.എ അധ്യക്ഷനായി.
നെടുമ്പ്രം പുത്തൻകാവ് ദേവസ്വം സദ്യാലത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പ്രസന്നകുമാരി, വൈസ് പ്രസിഡന്റ് സൈലേഷ് മങ്ങാട്ട്, സ്ഥിരം സമിതി അധ്യക്ഷരായ ഷേർലി ഫിലിപ്പ്, ജെ പ്രീതിമോൾ, എൻ എസ് ഗിരീഷ് കുമാർ, അംഗങ്ങളായ തോമസ് ബേബി, സെക്രട്ടറി എ ആർ ശാന്തകുമാർ, കെ എസ് സി ഇ ഡബ്ല്യൂ ബി വൈസ് ചെയർമാൻ ആർ സനൽ കുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബാബു കല്ലുങ്കൽ തുടങ്ങിയവർ പങ്കെടുത്തു.






