തിരുവനന്തപുരം : സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് 1557 പ്രത്യേക പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. കഴിഞ്ഞ 5, 6 തീയതികളിലായി രാത്രികാലങ്ങളിലാണ് പരിശോധന നടത്തിയത്. 59 സ്‌ക്വാഡുകളാണ് പരിശോധനകൾ നടത്തിയത്. 256 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും 263 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നൽകി. വീഴ്ചകൾ കണ്ടെത്തിയ 45 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു. ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ സർക്കാർ നിർദേശം കർശനമായി പാലിക്കാത്ത പക്ഷം കർശന നടപടികൾ സ്വീകരിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഷവർമ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. സംസ്ഥാനത്ത് പച്ചമുട്ട കൊണ്ടുള്ള മയോണൈസ് നിരോധിച്ചിട്ടുണ്ട്. വൃത്തിഹീനമായ സാഹചര്യത്തിൽ ഷവർമ പാകം ചെയ്യുവാനോ വിൽക്കാനോ പാടില്ല. ഷവർമ തയ്യാറാക്കുന്ന സ്ഥലം, ഷവർമയ്ക്ക് ഉപയോഗിക്കുന്ന ഉപകരണം, വ്യക്തി ശുചിത്വം, ഷവർമ തയ്യാറാക്കൽ എന്നിവ സംബന്ധിച്ചുള്ള വിശദമായ മാർഗനിർദേശൾ പുറത്തിറക്കിയിട്ടുണ്ട് . പാഴ്സലിൽ തീയതിലും സമയവും കൃത്യമായി രേഖപ്പെടുത്തണം. എഫ്.എസ്.എസ്. ആക്ട് പ്രകാരം ലൈസൻസോ രജിസ്‌ട്രേഷനോ ഇല്ലാതെ ഒരു വ്യക്തിയും ഏതെങ്കിലും ഭക്ഷ്യ ബിസിനസ് ആരംഭിക്കുകയോ നടത്തുകയോ ചെയ്യരുത്. ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്. പരാതിയുള്ളവർ ഭക്ഷ്യ സുരക്ഷാ വകുപ്പിനെ വിവരം അറിയിക്കേണ്ടതാണ്.
ഇത് കൂടാതെ കൊല്ലം പോളയത്തോട് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ 60 കിലോഗ്രാം പഴകിയ മാംസം പിടിച്ചെടുത്തു. ഷവർമ പരിശോധനയ്ക്കിടെ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പരിശോധനയും നടത്തിയത്.






