തിരുവനന്തപുരം :പകർച്ചവ്യാധി പ്രതിരോധത്തിൽ അനധികൃതമായി ജോലിയിൽ നിന്നും വിട്ടു നിൽക്കുന്ന ആരോഗ്യ വകുപ്പ് ജീവനക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. അനധികൃതമായി വിട്ടുനിൽക്കുന്ന ജീവനക്കാർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിച്ച് പിരിച്ചുവിടൽ ഉൾപ്പെടെയുള്ള നടപടി സ്വീകരിക്കും.
ജില്ലകളിൽ അനധികൃതമായി അവധിയിലുള്ള ജീവനക്കാരുടെ വിവരങ്ങൾ അടുത്ത 5 ദിവസത്തിനകം റിപ്പോർട്ട് ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്. അനധികൃത അവധിയിലുള്ള ജീവനക്കാരിൽ സർവീസിൽ തിരികെ പ്രവേശിക്കാൻ താത്പര്യമുള്ളവർ ഒരാഴ്ചയ്ക്കകം ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന് പൊതു അറിയിപ്പ് നൽകാൻ നിർദേശം നൽകി. ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്.