ആലപ്പുഴ : കേരളത്തിന്റെ കടലോരങ്ങളെ പ്ലാസ്റ്റിക് മുക്തമാക്കാന്‍ സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ശുചിത്വസാഗരം സുന്ദരതീരം പദ്ധതിയുടെ രണ്ടാംഘട്ടമായ ഏകദിന പ്ലാസ്റ്റിക് നിര്‍മാര്‍ജന യജ്ഞത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ശേഖരിച്ച് നീക്കിയത് ഒമ്പത് ടൺ മാലിന്യം. ജില്ലയിലെ 82 കിലോ മീറ്റര്‍ തീരത്ത് 71 ആക്ഷന്‍ കേന്ദ്രങ്ങളിലായി രാവിലെ ഏഴ് മണി മുതല്‍ 11 മണി വരെ സംഘടിപ്പിച്ച പ്ലാസ്റ്റിക് നിര്‍മാര്‍ജന യജ്ഞത്തില്‍ 3883 പേര്‍ പങ്കാളികളായി.
ശേഖരിച്ച 9000 കിലോഗ്രാം പ്ലാസ്റ്റിക്ക് ക്ലീൻ കേരള കമ്പനി, ഹരിതകർമ്മ സേന എന്നിവക്ക് കൈമാറി.വിവിധ കേന്ദ്രങ്ങളിൽ നടന്ന ശുചീകരണം തീരദേശ മണ്ഡലങ്ങളിലെ എംഎൽഎമാർ, ജനപ്രതിനിധികൾ എന്നിവർ ഉദ്ഘാടനം ചെയ്തു.
തോട്ടപ്പള്ളി ഹാർബറിൽ നടന്ന പരിപാടി ഹാർബറിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചുകൊണ്ട് എച്ച് സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു.
മണ്ഡലത്തിലെ എട്ട് പോയിന്റുകളിലായി സംഘടിപ്പിച്ച വിവിധ പരിപാടിയിൽ 10 കിലോമീറ്റർ കടൽത്തീരമാണ് ശുചീകരിച്ചത്.