തിരുവനന്തപുരം : സപ്ലൈക്കോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ആഗസ്റ്റ് 25 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലാകേന്ദ്രങ്ങളിലും 10 ദിവസം നീണ്ടുനിൽക്കുന്ന മെഗാ ഓണം ഫെയറുകളും, 140 നിയമസഭാ മണ്ഡലങ്ങളിലായി അഞ്ചുദിവസം നീളുന്ന ഫെയറുകളും നടത്തും.
നിയമസഭാ മണ്ഡലങ്ങളിൽ സപ്ലൈക്കോ പ്രധാന ഔട്ട് ലെറ്റിനോടനുബന്ധമായി ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെയാണ് ഫെയർ സംഘടിപ്പിക്കുന്നത്. ജില്ലാ ഫെയറുകൾ ഉത്രാടം നാളായ സെപ്റ്റംബർ നാലു വരെ ഉണ്ടാകും. ആഗസ്ത് 25 മുതൽ സഞ്ചരിക്കുന്ന ഓണച്ചന്തകളിലൂടെ അരിയും ഭക്ഷ്യവസ്തുക്കളും ബ്രാൻഡഡ് ഉത്പന്നങ്ങളും ഉൾപ്രദേശങ്ങളിലേക്കും എത്തിക്കുമെന്നും സെക്രട്ടേറിയറ്റ് പി ആർ ചേമ്പറിൽ നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.
ഓണക്കാലത്ത് അരി, വെളിച്ചെണ്ണ എന്നിവ ന്യായവിലയ്ക്ക് സപ്ലൈകോയിലൂടെ ലഭ്യമാക്കും. നിലവിൽ ഒരു റേഷൻ കാർഡിന് 8 കിലോ ഗ്രാം അരിയാണ് സബ്‌സിഡി നിരക്കിൽ സപ്ലൈകോ വില്പനശാലകളിലൂടെ വിതരണം ചെയ്യുന്നത്. ഓണക്കാലത്ത് ഇതിനുപുറമേ കാർഡൊന്നിന് 20 കിലോ പച്ചരിയോ/പുഴുക്കലരിയോ 25 രൂപ നിരക്കിൽ സ്‌പെഷ്യൽ അരിയായി ലഭ്യമാക്കും. എ എ വൈ കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങൾക്കും തുണി സഞ്ചി ഉൾപ്പെടെ 15 ഇനം സാധനങ്ങൾ ഉൾപ്പെട്ട 6 ലക്ഷത്തിലധികം ഓണക്കിറ്റുകൾ നൽകുമെന്നും ആഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 2 വരെ കിറ്റുകൾ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.