അടൂർ : സോഫ്റ്റ് വെയർ എൻജിനീയർ എന്ന വ്യാജേന വീടും സ്ഥലവും വാങ്ങി നൽകാമെന്ന് പ്രലോഭിപ്പിച്ച് യുവതിയിൽ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ അടൂർ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര ഉമ്മന്നൂർ വാളകം പൊയ്ക വിളയിൽ ആർ.സുരേഷ് കുമാറി(49) നെയാണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ടാപ്പിംഗ് തൊഴിലാളിയാണ് ഇയാൾ. സാമൂഹിക മാധ്യമം വഴി അനൂപ് ജി.പിള്ള എന്ന പേരിൽ വ്യാജ പ്രൊഫൈൽ നിർമിച്ചാണ് ഇയാൾ പെൺകുട്ടിയുമായി പരിചയപ്പെടുന്നത്. തിരുവനന്തപുരത്ത് കവടിയാറുള്ള സ്വകാര്യ കമ്പനിയിലാണ് ജോലി എന്നാണ് യുവതിയെ സുരേഷ് കുമാർ പറഞ്ഞ് വിശ്വസിപ്പിച്ചത്.
തുടർന്ന് തിരുവനന്തപുരം ഭാഗത്ത് ലാഭത്തിൽ വീടും സ്ഥലവും വാങ്ങി തരാം എന്ന് പറഞ്ഞും വിശ്വസിപ്പിച്ചു. പല വീടുകളുടേയും ചിത്രങ്ങൾ ഇയാൾ യുവതിയ്ക്ക് അയച്ചുകൊടുത്തു. തുടർന്ന് വീടിന് അഡ്വാൻസ് നൽകാനെന്ന പേരിൽ പണം ആവശ്യപ്പെട്ടു.
ആദ്യം 25,000 രൂപ യുവതി അയച്ചുകൊടുത്തു. പലപ്പോഴായി 15 ലക്ഷം രൂപ ഇയാൾ യുവതിയിൽ നിന്നും കൈക്കലാക്കി. പിന്നീട് ഇയാളെ ബന്ധപ്പെടാൻ യുവതി ശ്രമിച്ചപ്പോൾ സാധിച്ചില്ല. ഇതോടെ ഇവർ വീട്ടുകാരുടെ സഹായത്തോടെ കവടിയാറിൽ എത്തി അനൂപ് ജി പിള്ള എന്ന പേരിലുള്ള ആളിനെ തിരക്കിയെങ്കിലും ഇങ്ങനെ ഒരാൾ ഇല്ല എന്ന് ബോധ്യമായി.
തുടർന്ന് അടൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. അടൂർഡിവൈ.എസ്.പി ജി. സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.