തിരുവല്ല: കുറ്റൂരിൽ യുവതിയുടെ സ്വർണമാല പൊട്ടിക്കാൻ ശ്രമിച്ച പ്രതിയെ തിരുവല്ല പോലീസ് പിടികൂടി. ഞായറാഴ്ച രാത്രി ഒമ്പതേമുക്കാലോടെ വീടിന് പുറത്തുള്ള ശുചിമുറിയിൽ മുഖം കഴുകി കൊണ്ടിരുന്ന യുവതിയുടെ ഒരു പവൻ തൂക്കം വരുന്ന സ്വർണ്ണമാല കവർച്ച ചെയ്യാൻ ശ്രമിച്ച തിരുവല്ല കുറ്റൂർ വെസ്റ്റ് ഓതറ തൈ മറവുങ്കര പാലത്തിങ്കൽ വീട്ടിൽ പി ഐ ബെന്നി (40) ആണ് അറസ്റ്റിലായത്.
കുറ്റൂർ വെസ്റ്റ് ഓതറ തൈ മറവുങ്കര കണ്ടത്തിൽ വീട്ടിൽ കെ എസ് ആര്യയുടെ കഴുത്തിൽ കിടന്ന മാലയാണ് മോഷ്ടാവ് കവർച്ച ചെയ്യാൻ ശ്രമിച്ചത്. എന്നാൽ യുവതി നിലവിളിച്ച് ബഹളമുണ്ടാക്കിയതിനാൽ ശ്രമം പരാജയപ്പെടുകയായിരുന്നു.
യുവതി സ്റ്റേഷനിലെത്തി പരാതി നൽകുകയും തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടുകയും ചെയ്തു. അപഹരിക്കാൻ ശ്രമിച്ച മാല യുവതി സ്റ്റേഷനിൽ ഹാജരാക്കി. ചോദ്യം ചെയ്തപ്പോൾ കുറ്റസമ്മതം നടത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി.