ഒട്ടാവ : കാനഡയിലെ ബ്രാംപ്ടനിലുള്ള ഹിന്ദുക്ഷേത്ര വളപ്പിൽ ഖാലിസ്ഥാൻ വാദികൾ നടത്തിയ ആക്രമത്തിൽ പങ്കാളിയായ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. പീൽ റീജിയണൽ പൊലീസ് ഓഫീസർ സർജന്റ് ഹരീന്ദർ സോഹിയെ ആണ് സസ്‌പെൻഡ് ചെയ്തത്.
ഹരീന്ദർ സോഹി ഖലിസ്ഥാന്‍ കൊടിയുമായി നിൽക്കുന്ന വിഡിയോ പുറത്തുവന്നതിനെത്തുടർന്നാണ് നടപടി .ഇയാൾ ഖാലിസ്ഥാൻ കൊടിയുമായി നീങ്ങുന്നതും പ്രകടനത്തില്‍ പങ്കെടുക്കുന്ന മറ്റുള്ളവര്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതും വീഡിയോയിൽ വ്യക്തമായി കാണാം .സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പീൽ പൊലീസ് അറിയിച്ചു.
ഞായറാഴ്ചയാണ് ബ്രാംപ്ടണിൽ ഹിന്ദു സഭാ ക്ഷേത്രത്തിൽ ഖലിസ്ഥാൻ പതാകയും വടിയുമായി അതിക്രമിച്ചു കയറിയ സംഘം ക്ഷേത്ര പരിസരത്തുണ്ടായിരുന്നവരെ മർദിച്ചത് . ഖലിസ്താൻ അനുകൂലികളുടെ ആക്രമണത്തിൽ കനേഡിയൻ സർക്കാരിനെ പ്രധാനമന്ത്രി നരേന്ദ്രമോദി രൂക്ഷമായി വിമർശിച്ചിരുന്നു.