പത്തനംതിട്ട : ക്ഷേത്രങ്ങളും സമൂഹവും നേരിടുന്ന വെല്ലുവിളികൾ നേരിടാൻ കഴിയണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി കെ എസ് നാരായണൻ പ്രസ്താവിച്ചു. കേരള ക്ഷേത്രസംരക്ഷണ സമിതി പത്തനംതിട്ട ജില്ല വാർഷിക സമ്മേളനം ആറാട്ടുപുഴ ഇടനാട്ടിടം ക്ഷേത്ര ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേത്രങ്ങളേയും സമൂഹത്തേയും തകർക്കുവാൻ മയക്കുമരുന്നു പോലുള്ള സംവിധാനങ്ങളെ വ്യാപകമായി ഉപയോഗിക്കുന്നു. സമൂഹത്തിൽ അരാജകത്വം സൃഷ്ടിച്ചു കൊണ്ടുള്ള പ്രവർത്തനം നടക്കുന്നു. ക്ഷേത്രവസ്തുവകകൾ ഡിജിറ്റൽ സർവ്വേയുടെ മറവിൽ പുറമ്പോക്കാക്കി വകമാറ്റി മറ്റുള്ളവർക്ക് പതിച്ചു കൊടുക്കാനുള്ള ശ്രമങ്ങളും നടന്നു വരുന്നു. ഇത്തരം വെല്ലുവിളികളെ അതിജീവിക്കുവാൻ സമാന ചിന്താഗതിക്കാർ ഒത്തൊരുമയോട് പ്രവർത്തിക്കണമെന്നും കെ എസ് നാരായണൻ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് എസ് ഹരികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച വാർഷിക സമ്മേളനത്തിൽ സംസ്ഥാന ആഡിറ്റർ നാഗപ്പൻ നായർ ഭദ്രദീപ പ്രകാശനം നടത്തി. സംസ്ഥാന സെക്രട്ടറി വി കെ ചന്ദ്രൻ, സംസ്ഥാന മത പാഠശാല പ്രമുഖ് ഡോ.പി.ജി.സനീഷ്, മാതൃ സമിതി സംസ്ഥാന ട്രഷറർ ഡോ.പ്രസന്ന രവീന്ദ്രൻ, കെ ബി സദാശിവൻ പിള്ള, കൃഷ്ണകുമാർ ചെറുകോൽ, പി കെ രാജൻ, സലികുമാർ എന്നിവർ സംസാരിച്ചു.