തിരുവല്ല : പിതൃസ്മരണയിൽ ഇന്ന് പുലർച്ചെ മുതൽ പതിനായിരങ്ങൾ സ്നാനഘട്ടങ്ങളിൽ ഒഴുകിയെത്തി. മരണപ്പെട്ടു പോയ പിതൃക്കളുടെ ആത്മാവിനു മോക്ഷവും ശാന്തിയും വരുന്നതിനു വേണ്ടി ബലി തർപ്പണം നടത്തി.
ബലിതർപ്പണം നടത്തുന്നിടത്ത് സംഘാടകർ വിപുലമായ സജീകരണങ്ങൾ വിവിധ യിടങ്ങളിൽ ഒരുക്കിയിരുന്നു. ഒരേ സമയം നൂറിലധികം പേർക്ക് കർമ്മങ്ങൾ ചെയ്യാവുന്ന രീതിയിൽ പന്തൽ നിർമിച്ച് സംവിധാനം ഒരിക്കിയിരുന്നത്. ക്ഷേത്രങ്ങളിലും കർക്കിടകവാവു ബലിയുടെ ചടങ്ങുകൾ വിപുലമായി നടന്നു. തിലഹോമത്തിലും ,പിതൃ കർമ്മങ്ങളിലും നിരവധി ഭക്തർ ക്ഷേത്രങ്ങളിൽ പങ്കെടുത്തു. തുടർന്ന് ശ്രാദ്ധ മന്ത്രങ്ങളുടെ പാരായണവും സമൂഹപ്രാർത്ഥനയും നടന്നു.
പമ്പാ – മണിമല ഹിന്ദു മത പരിഷത്തിന്റെ നേതൃത്വത്തിൽ വളഞ്ഞവട്ടം കീച്ചേരിവാൽക്കടവ് കർക്കിടകവാവ് ബലിതർപ്പണം പുലർച്ചെ 3ന് ദീപം പകരൽ തുടർന്ന് 3.30ന് ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു. കിഴക്കുംമുറി 780- നമ്പർ എൻ എസ് എസ് കരയോഗത്തിൻ്റെ നേതൃത്വത്തിൽ ഓതറക്കടവിൽ പുലർച്ചെ 4 മണി മുതൽ ബലിതർപ്പണം തുടങ്ങി.
തിരുവല്ല കുറ്റൂർ മഹാദേവക്ഷേത്രത്തിലെ വാവുബലി ചടങ്ങുകൾ പുലർച്ചെ 4 മണിക്കും, കദളിമംഗലം ദേവീക്ഷേത്രക്കടവിൽ ബലിതർപ്പണം 4.30 നും തുടങ്ങി.
തിരുവല്ല സേവാഭാരതിയുടെ നേത്യത്വത്തിൽ ചക്രക്ഷാളനക്കടവിൽ ബലിതർപ്പണം 3 മണിക്കും ആരംഭിച്ചു. താലൂക്കിലെ 50 ഓളം സ്നാന ഘട്ടങ്ങളിലായി പിത്യക്കളുടെ സ്മരണയിൽ നിരവധി വിശ്വാസികൾ ബലിയിട്ടു .കടവുകളിൽ ബലിതർപ്പണത്തിന് ആവശ്യമായ ക്രമീകരണങ്ങൾ സംഘാടകർ ഒരുക്കിയതിനാൽ എങ്ങും കാര്യമായ തിരക്ക് അനുഭവപ്പെട്ടില്ല .