തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ നടന്ന മണ്ണുനീർകോരൽ
ചടങ്ങോടുകൂടി 2024 അൽപശി ഉത്സവം ആരംഭിച്ചു. ഇന്ന് വൈകിട്ട് 6.30ന് മിത്രാനന്ദപുരം ക്ഷേത്ര കുളത്തിൽ നിന്നും നവധാന്യമുളപൂജയ്ക്കായി മണ്ണുനീർകോരി വാദ്യാഘോഷങ്ങളോടു കൂടി ക്ഷേത്രത്തിൽ എത്തി ചേർന്നു. തുടർന്ന് തന്ത്രി തരണനല്ലൂർ പ്രദീപ് നമ്പൂതിരിപ്പാടിനെ ഏൽപ്പിക്കുകയും തന്ത്രിയും പരികർമ്മിമാരും ചേർന്ന് മണ്ണിൽ നവധാന്യങ്ങൾ വിതറുകയും മുളയ്ക്കുന്ന ധാന്യങ്ങൾക്ക് നിത്യവും പൂജയും നടത്തുന്നു.
ചടങ്ങിൽ ക്ഷേത്രം ഭരണസമിതി അംഗം കരമന ജയൻ, ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ ബി.മഹേഷ്, ക്ഷേത്രം എഒ എ ജി ശ്രീഹരി, ക്ഷേത്രം ഫിനാൻസ് ഓഫീസർ വെങ്കട് സുബ്രഹ്മണ്യം, ക്ഷേത്രം മാനേജർ ബി.ശ്രീകുമാർ, കാര്യക്കാർ തൊടി ശ്രിരാമൻ അനന്തരാമൻ എന്നിവർ പങ്കെടുത്തു.
26 മുതൽ 30 വരെ അടിയന്തിരപൂജയും, കലശാഭിഷേകവും, ഹോമവും നടക്കും. 29 നു വൈകുന്നേരം 6:30 ന് 365 സ്വർണ്ണക്കുടങ്ങളിൽ ജലം നിറച്ച് ബ്രഹ്മകലശപൂജയും, 30 നു രാവിലെ 6:30 മുതൽ 8:30 വരെ ഭഗവാന് ബ്രഹ്മകലശാഭിഷേകവും തുടർന്ന് രാവിലെ 8:30 മുതൽ 9:30 മണി വരെ ഉത്സവത്തിന്റെ കൊടിയേററിനുളള താന്ത്രിക ചടങ്ങുകൾ പൂർത്തീകരിച്ചു തിരുവിളക്കം ചടങ്ങും നടക്കും. 31 രാവിലെ 9 നും 9.30 നും മദ്ധ്യയുളള ശുഭമുഹൂർത്തത്തിൽ തൃക്കൊടിയേററ് നടത്തും.
നവംബർ 7ന് വലിയ കാണിക്കയും, 8ന് പള്ളിവേട്ടയും, 9 ന് നടക്കുന്ന
ആറാട്ടോടു കൂടി അൽപശി ഉത്സവം സമാപിക്കും.