ചക്കുളത്തുകാവ്: ചരിത്ര പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാലയോടനുബന്ധിച്ച് നിലവറ ദീപം നാളെ തെളിയും. തുടർന്ന് വിളബര ഘോഷയാത്രയും നടക്കും.
മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി മൂലകുടുംബ ക്ഷേത്രത്തിലെ നിലവറയിൽ ഭദ്രദീപം തെളിക്കും. നിലവറ ദീപത്തിൽ നിന്ന് പകർന്നെടുത്ത ദീപം മാനേജിംങ് ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരി ക്ഷേത്രനടയിൽ പ്രത്യേകം തയ്യാറാക്കിയ അട്ടവിളക്കിലേക്ക് പകരും. നിലവറ ദീപം കൊടിമരച്ചുവട്ടിൽ എത്തിക്കുന്നതിന് മുന്നോടിയായി മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ പ്രത്യേക പൂജകൾ നടക്കും.
വാദ്യമേളങ്ങളുടേയും, വായ്ക്കുരവകളുടേയും അകമ്പടിയോട് കൂടിയാണ് ദീപം ക്ഷേത്രനടയിൽ എത്തിക്കുന്നത്.
തുടർന്ന് പൊങ്കാല വിളംബര ഘോഷയാത്ര നടക്കും. ഘോഷയാത്രയ്ക്ക് മുന്നോടിയായി നടക്കുന്ന പൊതുസമ്മേളനം ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിൻസി ജോളി ഉദ്ഘാടനം ചെയ്യും. മാനേജിംങ് ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരി അധ്യക്ഷത വഹിക്കും. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി. നായർ ഭദ്രദീപ പ്രകാശനം നടത്തും. ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത്, ഉത്സവകമ്മിറ്റി പ്രസിഡൻ്റ് രാജീവ് എം.പി., സെക്രട്ടറി പി.കെ സ്വാമിനാഥൻ എന്നിവർ പ്രസംഗിക്കും.