പത്തനംതിട്ട : മലപ്പുറം എസ്പി ക്യാമ്പ് ഓഫിസിലെ മരംമുറി കേസുമായി ബന്ധപ്പെട്ട് പി.വി.അൻവർ എം എൽ എ യുമായി നടത്തിയ ഫോൺ സംഭാഷണം പുറത്തു വന്നതിന് പിന്നാലെ 3 ദിവസത്തെ അവധിക്ക് അപേക്ഷിച്ച് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ദാസ്.
ഫോൺ സംഭാഷണം മാധ്യമങ്ങളിൽ വന്നതിന് ശേഷമാണ് ജില്ലാ പൊലീസ് മേധാവി അവധിയിൽ പ്രവേശിക്കാൻ തയ്യാറാകുന്നത്. മലപ്പുറം എസ്പി ക്യാമ്പ് ഓഫീസിലെ മരം മുറിച്ച് കടത്തിയെന്ന കേസുമായി ബന്ധപ്പെട്ട പരാതി പിൻവലിച്ചാൽ ജീവിതകാലം മുഴുവൻ താൻ കടപ്പെട്ടിരിക്കുമെന്ന് പി.വി. അൻവർ എംഎൽ എയോട് മലപ്പുറം മുൻ എസ്പിയായ എസ്. സുജിത് ദാസ് ഫോണിലൂടെ പറയുന്നതാണ് പുറത്തു വന്നിരിക്കുന്നത്.
ഫോൺ സംഭാഷണത്തിന് പിന്നാലെ സുജിത് ദാസിനെതിരെ വകുപ്പുതല അന്വേഷണവും ആരംഭിച്ചതായാണ് അറിയുന്നത്. ഫോൺ സംഭാഷണത്തിലെ ആധികാരികത ഉറപ്പു വരുത്തിയതിന് ശേഷമായിരിക്കും അന്വേഷണം ആരംഭിക്കുക. സംഭാഷണം സുജിത് ദാസിൻ്റേത് തന്നെയാണോ എന്നതും പരിശോധിക്കുമെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു.
ഏതാനും ദിവസം മുമ്പാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായി സുജിത് ദാസ് ചുമതലയേറ്റത്.