കോട്ടയം: വൈക്കത്തഷ്ടമി മഹോൽസവത്തിന്റെ മുന്നോടിയായി നടത്തുന്ന പുള്ളി സന്ധ്യ വേല ആരംഭിച്ചു. വിശേഷാൽ ചടങ്ങുകൾക്ക് ശേഷം എതൃത്ത ശ്രീബലിക്കായി വൈക്കത്തപ്പന്റെ തങ്കത്തിടമ്പ് പുറത്തേക്ക് എഴുന്നള്ളിച്ചു. ഗജവീരൻ കണ്ടിയൂർ പ്രേംശങ്കർ തിടമ്പേറ്റി .വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിന് മൂന്ന് പ്രദക്ഷിണം പൂർത്തിയാക്കി എഴുന്നളളിപ്പ് സമാപിച്ചു.
രാവിലെയും വൈകിട്ടും ആന പുറത്ത് ശ്രീബലി, മണ്ഡപത്തിൽ വാരമിരിക്കൽ, പ്രാതൽ, വിളക്ക് എന്നിവയാണ് സന്ധ്യ വേലയുടെ പ്രധാന ചടങ്ങുകൾ.
ദേവസ്വം ഭാരവാഹികളും ഭക്തരും ഉൽസവത്തിന് മുന്നോടിയായി വൈക്കത്തപ്പനെ വന്ദിച്ച് ആഘോഷപൂർവം നടത്തുന്ന ചടങ്ങാണ് പുള്ളി സന്ധ്യ വേല . ചടങ്ങുകൾക്ക് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ജെ. എസ്, വിഷ്ണു നേതൃത്വം നൽകി.
തിരുവിതാംകൂർ മഹാരാജാവ് ചേർത്തല ആലപ്പുഴ തുടങ്ങിയ പ്രദേശങ്ങൾ യുദ്ധം ചെയ്തു പിടിച്ചടക്കിയപ്പോൾ അതിൽ മരണ മടഞ്ഞ അവകാശികളില്ലാത്ത പടയാളികളുടെ കുടിശിക ശമ്പളത്തിന്റെ പലിശ കൊണ്ട് വർഷം തോറും ഒന്നിടവിട്ട നാലു ദിവസങ്ങളിലായി നടത്തിയിരുന്ന ചടങ്ങാണ് പുള്ളി സന്ധ്യ വേല . ഇപ്പോൾ ദേവസ്വത്തിന്റെ അടിയന്തര മാണ്. ഒക്ടോ. 29, 31, നവം 2 തീയതികളിലും പുള്ളി സന്ധ്യ വേല യുണ്ട്.
മുഖ സന്ധ്യ വേല നവം. 4 ന് ആരംഭിക്കും. 7 നാണ് സമാപനം.






