ആറന്മുള : ശബരിമല അയ്യപ്പ വിഗ്രഹത്തില്‍ മണ്ഡല പൂജയ്ക്ക് ചാര്‍ത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ടു. ക്ഷേത്രത്തിലെ ആനക്കൊട്ടിലില്‍ രാവിലെ അഞ്ച് മുതല്‍ ഏഴ് വരെ തങ്ക അങ്കി ദര്‍ശനം നടന്നു. തുടര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ രഥത്തില്‍ പോലീസ് സുരക്ഷ അകമ്പടിയോടെ ആറന്മുള കിഴക്കേ നടയില്‍ നിന്ന് ഘോഷയാത്ര പുറപ്പെട്ടു.
ജില്ലാ പൊലീസ് മേധാവി ആര്‍ ആനന്ദ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ രാജു, പി ഡി സന്തോഷ് കുമാര്‍, ദേവസ്വം കമ്മിഷണര്‍ ബി സുനില്‍ കുമാര്‍, ഡെപ്യൂട്ടി കമ്മിഷണര്‍ മുരളീധരന്‍ നായര്‍, ദേവസ്വം ബോര്‍ഡ് സെക്രട്ടറി പി എന്‍ ഗണേശ്വരന്‍ പോറ്റി, ദേവസ്വം സാംസ്‌കാരിക – പുരാവസ്തു വിഭാഗം ഡയറക്ടര്‍ പി ദീലീപ് കുമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.






