തിരുവനന്തപുരം : നെല്ല് സംഭരിക്കാൻ മില്ലുടമകൾ മടി കാണിക്കുന്ന ഇടങ്ങളിൽ സർക്കാർ തന്നെ മുൻകൈ എടുത്ത് സപ്ലൈക്കോ വഴി സംവിധാനമൊരുക്കി നെല്ല് സംഭരിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് അനക്സിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ചില പ്രയാസങ്ങൾ മില്ലുടമകളുടെ സമീപനം മൂലം ഉണ്ടായിട്ടുണ്ട്. പാലക്കാട് പോലെയുള്ള ഇടങ്ങളിൽ സംഭരണശാലകൾ ഉൾപ്പെടെ തയ്യാറാക്കികൊണ്ട് സപ്ലൈകോ നേരിട്ട് നെല്ലെടത്ത് അവിടങ്ങളിൽ സംഭരിച്ചു വയ്ക്കാനാണ് ഇപ്പോൾ ആലോചിക്കുന്നത്. കുട്ടനാട്ടിൽ വെള്ളക്കെട്ടിന്റെയും മഴയുടെയും മറ്റും പ്രശ്‌നങ്ങൾ നിലനിൽക്കുന്നതിനാൽ അവിടുന്ന് വളരെ വേഗത്തിൽ തന്നെ നെല്ല് സംഭരിക്കാനാണ് തീരുമാനം. അവിടെ ഇന്ന് തന്നെ സംഭരണം തുടങ്ങണമെന്നാണ് സപ്ലൈകോ ഉദ്യോഗസ്ഥർക്ക് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ നിർദേശം നൽകിയിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.കാർഷിക സർവകലാശാലയിലെ ഫീസിൽ ഗണ്യമായ കുറവ് വരുത്താനുള്ള നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.






