പാലക്കാട് : ആഗോള അയ്യപ്പസംഗമം നടത്തുന്നതിന് മുൻപ് ഭക്തജനങ്ങളോട് സര്‍ക്കാര്‍ മാപ്പ് ചോദിക്കേണ്ടിയിരുന്നുവെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ വക അയ്യപ്പസംഗമത്തിനു പിന്നാലെ നടന്ന ബദല്‍ അയ്യപ്പസംഗമം നിക്ഷിപ്ത താല്‍പര്യത്തിന്റെ പേരില്‍ ആര്‍ എസ്‌എസ് നടത്തിയ പരിപാടിയാണ്. അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഞങ്ങള്‍ പറഞ്ഞത് മൂന്ന് കാര്യങ്ങളാണ്. നാമജപ ഘോഷയാത്രയില്‍ പങ്കെടുത്ത ആളുകളുടെ പേരില്‍ ധാരാളം കേസുകളുണ്ട്. അത് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. എന്റെയും ഉമ്മന്‍ ചാണ്ടിയുടെയും പേരില്‍ കേസ് ഉണ്ടായിരുന്നു. ഉമ്മന്‍ ചാണ്ടി മരിച്ചിട്ടും ആ കേസ് പിന്‍വലിച്ചില്ല. അവസാനം കോടതി ഞങ്ങളെ വെറുതെ വിടുകയാണ് ഉണ്ടായത്.
യുവതി പ്രവേശനവിഷയത്തില്‍ യുഡിഎഫ് ഗവണ്‍മെന്റ് നല്‍കിയ അഫിഡവിറ്റ് തിരുത്തിക്കൊണ്ട് യുവതികളെ പ്രവേശിപ്പിക്കാം എന്നു പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ കൊടുത്ത അഫിഡവിറ്റ് ഇതുവരെ പിന്‍വലിക്കാന്‍ തയ്യാറായിട്ടില്ല. ഇത് തിരുത്താന്‍ തയ്യാറുണ്ടോ. അയ്യപ്പ സംഗമം നടത്തുന്നതിനു മുൻപ് ഗവണ്‍മെന്റ് ചെയ്യേണ്ടിയിരുന്നത് ഭക്തജനങ്ങളോട് മാപ്പ് ചോദിക്കുകയായിരുന്നു.
പോലീസ് അകമ്ബടിയോടെ സ്ത്രീകളെ സന്നിധാനത്തിലേക്ക് കയറ്റി ഭക്തജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ അതിന് മാപ്പ് ചോദിച്ചിട്ട് വേണമായിരുന്നു ഈ സംഗമം നടത്താന്‍. അദ്ദേഹത്തിന്റെ പ്രസംഗത്തിലും അതിനെപ്പറ്റി ഒന്നും സൂചിപ്പിച്ചില്ല.
സര്‍ക്കാര്‍ നടത്തിയ സംഗമത്തില്‍ എന്‍എസ്‌എസ പങ്കെടുത്തു എന്നതു കൊണ്ട് അവര്‍ ഇടതുപക്ഷത്തോട് അടുക്കുന്നു എന്ന വ്യാഖ്യാനത്തിന് അര്‍ഥമില്ല. ശബരിമലയുമായി ബന്ധപ്പെട്ട കാര്യമായതുകൊണ്ട് അവര്‍ പങ്കെടുത്തു എന്നുള്ളതാണ്. കോണ്‍ഗ്രസ്സിന് എല്ലാവരുടെയും വോട്ട് വേണം. യുഡിഎഫ് എല്ലാ വിഭാഗത്തെയും അവരുടെ വികാരങ്ങളെയും ഉള്‍ക്കൊള്ളുന്ന മതേതര മുന്നണിയാണ് എല്ലാവരുടെയും പിന്തുണ ഞങ്ങള്‍ക്ക് ഉണ്ടാകണം എന്നാണ് ആഗ്രഹം. അതിനനുസരിച്ചാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
ആചാര സംരക്ഷണമാണ് സര്‍ക്കാരിന്റെ അജണ്ടയെങ്കില്‍ അതിനെതിരെ കൊടുത്ത അഫിഡവിറ്റ് എന്തുകൊണ്ട് ഗവണ്‍മെന്റ് പിന്‍വലിക്കുന്നില്ല. നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തവരുടെ പേരിലുള്ള കേസ് എന്തുകൊണ്ട് പിന്‍വലിച്ചില്ല. അപ്പോള്‍ ഭക്തജനങ്ങളെ കബളിപ്പിക്കുകയാണ് ഗവണ്‍മെന്റ് ചെയ്തത്. അതുകൊണ്ടാണ് ഞങ്ങള്‍ അതില്‍ പങ്കെടുക്കാതിരുന്നത്. അയ്യപ്പസംഗമം ബഹിഷ്‌കരിക്കണം എന്നൊന്നും ഞങ്ങള്‍ പറഞ്ഞിട്ടില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.