ആലപ്പുഴ: മുതിർന്ന പൗരൻമാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽക്കരണ ദിനാചരണ ദിവസമായ ഇന്ന് കിടപ്പു രോഗിയായ 84 കാരിക്ക് ആശ്വാസം എത്തിക്കാൻ സാമൂഹ്യനീതി വകുപ്പ് രംഗത്തെത്തി. പൊള്ളേത്തൈ കാട്ടുങ്കൽ സ്വദേശിനി സാമൂഹ്യനീതി വകുപ്പിനു നൽകിയ അപേക്ഷയിന്മേലാണ് നടപടി.
തൻറെ ഭർതൃമാതാവായ സുലോചന(84) കിടപ്പുരോഗിയാണെന്നും വെരികോസ് രോഗത്താലും ഗർഭാശയ രോഗത്താലും ശാരീരിക അസ്വസ്ഥത നേരിടുന്ന തനിക്ക് സുലോചനയെ പരിചരിക്കുന്നതിന് സാധിക്കാത്ത സാഹചര്യമാണെന്നും മറ്റു മക്കളുടെ പക്കൽ സംരക്ഷണാർത്ഥം നിർത്തുകയോ സാമൂഹ്യനീതി വകുപ്പിന്റെ സംരക്ഷണകേന്ദ്രത്തിൽ പാർപ്പിക്കുകയോ ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും കാട്ടിയാണ് പരാതി ലഭിച്ചത്. 84 വയസ്സുള്ള സുലോചന കിടപ്പു രോഗിയാണ് പ്രായാധിക്യം മൂലം ഓർമ്മക്കുറവുണ്ട്. മൂത്തമകനൊപ്പമായിരുന്നു നിലവിൽ സുലോചന. സംരക്ഷണം ഏറ്റെടുക്കുന്നതിന് പെൺമക്കൾ താല്പര്യം കാട്ടിയില്ലെന്ന് മൂത്ത മകന്റെ ഭാര്യ നൽകി പരാതിയിൽ പറയുന്നു. സുലോചനക്ക് മൂന്നു പെൺമക്കളും രണ്ട് ആൺമക്കളും ആണ് ഉള്ളത്.
സാമൂഹ്യനീതി വകുപ്പ് നടത്തിയ പരിശോധനയിൽ അപേക്ഷകയ്ക്ക് വെരികോസ്, ഗർഭാശയ രോഗങ്ങളാൽ ചികിത്സ ആവശ്യം ആയിട്ടുണ്ട് എന്ന് ബോധ്യപ്പെട്ടു. അമ്മയുടെ സംരക്ഷണം മറ്റുമക്കൾ ഏറ്റെടുക്കാത്ത സാഹചര്യത്തിൽ സാമൂഹ്യനീതി വകുപ്പിനു കീഴിൽ ആറാട്ടുപുഴയിൽ ഉള്ള കിടപ്പു രോഗികളായ വയോജന സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുകയായിരുന്നു.