കോട്ടയം : സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൺസ്യൂമർഫെഡ് സംഘടിപ്പിക്കുന്ന ക്രിസ്മസ്-പുതുവത്സരവിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം ഏറ്റുമാനൂർ ത്രിവേണി അങ്കണത്തിൽ സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു.
ഓണം, ക്രിസ്മസ്, റംസാൻ തുടങ്ങി ആഘോഷ കാലയളവുകളിൽ പൊതുവിപണിയിലെ വിലവർധന തടയാൻ ഇടപെടുന്ന സഹകരണ സ്ഥാപനമാണ് കൺസ്യൂമർഫെഡ്. സഹകരണവകുപ്പ് കൺസ്യൂമർഫെഡ് വഴി 13 നിത്യോപയോഗ സാധനങ്ങൾ സബ്‌സിഡി വിലയിൽ നൽകുന്നു.മറ്റ് ഉൽപ്പന്നങ്ങൾ 10 മുതൽ 40 ശതമാനം വരെ വിലക്കുറവിലും വിപണിയിലൂടെ ലഭിക്കും. ഗുണമേന്മയേറിയ സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കുകയാണ് കൺസ്യൂമർ ഫെഡ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ് പടിയറ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മുഖ്യാതിഥിയായി.