അടൂർ: മേലൂട് ഭാഗത്ത് 3 അംഗസംഘം വീട് കയറി ആക്രമിച്ചു. 2 പേർക്ക് ഗുരുതര പരുക്ക്. യുവതിയെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത ഭർത്താവിന്റെ സഹോദരനെ ആക്രമിക്കാൻ ലക്ഷ്യമിട്ട് വന്ന സംഘമാണ് വീട് കയറി ആക്രമണം നടത്തിയത്. ഞായറാഴ്ച രാത്രി നടന്ന സംഭവത്തിൽ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. മേലൂട് സജീവ് ഭവനിൽ വിനീഷ് (26), സഹോദരൻ നന്ദു (24) എന്നിവരെയാണ് കമ്പിവടിയും നെഞ്ചക്കും കൊണ്ട് മർദിച്ചത്.
വീട്ടു മുറ്റത്ത് ഉണ്ടായിരുന്ന കാറും അടിച്ചു തകർത്തു. വീടിന്റെ ജനൽച്ചില്ലകളും എറിഞ്ഞുടച്ചു. മർദനമേറ്റ വരെ അടൂർ താലൂക്ക് ആശുപത്രിയിൽ നിന്ന് തിങ്കളാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബുള്ളറ്റിൽ എത്തിയ 3 പേരാണ് ആക്രമിച്ചതെന്ന് വിനീഷും നന്ദുവും പൊലീസിന് മൊഴി നൽകി. അന്വേഷണം ആരംഭിച്ചതായി അടൂർ പൊലീസ് അറിയിച്ചു