കോട്ടയം: യുഡിഎഫ് പ്രവേശന ചർച്ചകൾ തള്ളി കേരള കോൺഗ്രസ് എം നേതൃത്വം. എൽഡിഎഫ് വിടേണ്ട സാഹചര്യം ഇല്ലെന്ന് ജോസ് കെ മാണി പാർട്ടി നേതാക്കളെ അറിയിച്ചു എന്നാണ് വിവരം. യുഡിഎഫ് അപമാനിച്ച് ഇറക്കിവിട്ടതാണെന്ന് ഓർമ്മിപ്പിച്ചായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. നിലവിലെ ചർച്ചകളിൽ കഴമ്പില്ലെന്ന് അണികളെയും ബോധ്യപ്പെടുത്തും. തെരഞ്ഞെടുപ്പ് പരാജയം ഉണ്ടായാൽ മുന്നണി വിടില്ലെന്ന് കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പ്രതികരിച്ചു.
മുന്നണി വിടാൻ ആയിരുന്നെങ്കിൽ നേരത്തെ ആകാമായിരുന്നു. തെരഞ്ഞെടുപ്പ് പരാജയം ഉണ്ടായാൽ മുന്നണി വിടുന്ന രീതി നിലവിൽ ഇല്ലെന്നും സ്റ്റീഫൻ ജോർജ് കൂട്ടിച്ചേർത്തു. അങ്ങനെയെങ്കിൽ ലോക്സഭ തെരഞ്ഞെടുപ്പിന് പിന്നാലെ തന്നെ മുന്നണി വിടാമായിരുന്നു. യുഡിഎഫ് നേതാക്കൾ ക്ഷണിക്കുന്നത് പാർട്ടിയുടെ അടിത്തറ കണ്ടിട്ടാണ്. എൽഡിഎഫിൽ എത്തിയ ശേഷമാണ് പാർട്ടിയുടെ ശക്തി യുഡിഎഫിന് ബോധ്യമായതെന്നും അദ്ദേഹം വ്യക്തമാക്കി






