ന്യൂഡൽഹി : ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച രണ്ടംഗ ബഞ്ചിൻ്റെ തീരുമാനം തള്ളി സുപ്രീംകോടതി ഭരണഘടന ബെഞ്ച്. ഇതു സംബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു നൽകിയ ‘പ്രസിഡൻഷ്യൽ റഫറൻസിലാണ്’ സുപ്രീം കോടതി മറുപടി നൽകിയത്.
ഗവർണറുടെ വിവേചനാധികാരം പരിമിതപ്പെടുത്തുന്നത് യുക്തിസഹമല്ലെന്നും ഗവർണർക്കോ പ്രസിഡന്റിനോ സമയപരിധികൾ നിർദേശിക്കുന്നത് ഉചിതമല്ലെന്നും ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ് ഉൾപ്പെട്ട അഞ്ചംഗ ബെഞ്ച് നിരീക്ഷിച്ചു.എന്നാൽ ബില്ലുകൾ അനിശ്ചിതകാലത്തേക്ക് പിടിച്ചുവയ്ക്കുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണ്. ഭരണഘടനാപരമായ തീരുമാനം ഗവര്‍ണര്‍ക്ക് എടുക്കാം. നിയമസഭയുമായുള്ള ആശയവിനിമയത്തിലൂടെയും ചർച്ചയിലൂടെയും പ്രശ്നം പരിഹരിക്കുകയാണ് വേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു. രാഷ്ട്രപതിയുടെ 14 ചോദ്യങ്ങളടങ്ങിയ റഫറൻസിനാണ് സുപ്രീംകോടതി മറുപടി നൽകിയത്.






