പത്തനംതിട്ട : ശബരിമല സ്വർണാപഹരണ കേസിൽ അറസ്റ്റിലായ മൂന്നാം പ്രതി സുധീഷ് കുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ ആണ് പ്രത്യേക അന്വേഷണ സംഘം സുധീഷ് കുമാറിനെ ഹാജരാക്കിയത്.
ശബരിമലയിൽ നിന്നും സ്വർണ്ണം അപഹരിച്ചതിന് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലും സുധീഷ് കുമാറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിയുടെ ആവശ്യം പരിഗണിച്ച് വൈദ്യസഹായം ഉറപ്പാക്കാൻ കോടതി നിർദേശം നൽകി. തിങ്കളാഴ്ച്ച അന്വേഷണ സംഘം പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകും. ശബരിമലയിൽ നിന്നും സ്വർണ്ണം അപഹരിച്ച ഗൂഡാലോചനയിൽ ശബരിമല മുൻഎക്സിക്യുട്ടീവ് ഓഫീസർ കൂടിയായ സുധീഷ് കുമാറിന് പങ്കുണ്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ദ്വാരപാലക ശിൽപ്പങ്ങളിലെ പാളികളിൽ സ്വർണ്ണം പൊതിഞ്ഞതായി വ്യക്തമായ അറിവുണ്ടായിരുന്ന സുധീഷ് ഇവ വെറും ചെമ്പ് പാളികൾ എന്ന് രേഖപ്പെടുത്തുകയും ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം നവീകരണത്തിനായി കൊടുത്തു വിടാം എന്ന് ദേവസ്വം ബോർഡിന് തെറ്റായ ശുപാർശ കത്ത് നൽകുകയും ചെയ്തു. പാളികൾ അഴിച്ച് മാറ്റുമ്പോൾ തിരുവാഭരണം കമ്മീഷണറുടെ സാന്നിധ്യം ഉറപ്പാക്കിയില്ല.
മഹസർ തയ്യാറാക്കിയ സമയത്ത് സ്ഥലത്ത് ഇല്ലാതിരുന്നവരുടെ പേരുകൾ കുടി ഉൾപ്പെടുത്തി. പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണം കൈവശപ്പെടുത്താൻ അവസരമൊരുക്കി എന്നുമാണ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.




                                    

