കൊൽക്കത്ത : ബംഗ്ലാദേശിൽ കലാപം തുടരുന്നതിനിടയിൽ ഇന്ത്യയിലേക്ക് കടക്കാൻ അതിർത്തിയിൽ തമ്പടിച്ച് ബംഗ്ലാദേശികൾ. ആയിരത്തോളം വരുന്ന ബംഗ്ലദേശ് അഭയാർഥികളാണ് ബംഗാളിലെ കൂച്ച് ജില്ലയിലെ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചത് .നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ബിഎസ്എഫിന്റെ ഗുവാഹട്ടി വിഭാഗം തടഞ്ഞ് ഇവരെ തിരിച്ചയച്ചു.ഇവരിൽ അധികവും ഹിന്ദുക്കളാണെന്ന് ബിഎസ്എഫ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.പ്രദേശം ബിഎസ്എഫ് വളഞ്ഞിരിക്കുകയാണ്.
ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അതിർത്തിയിലെ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ കേന്ദ്ര സർക്കാർ ഉന്നതതല സമിതിക്ക് രൂപം നൽകി.ഈസ്‌റ്റേൺ കമാൻഡ് ബിഎസ്എഫ് അഡീഷണൽ ഡയറക്ടർ ജനറൽ രവി ഗാന്ധിയാണ് സമിതിയെ നയിക്കുക. ബംഗ്ലാദേശിലെ ജയിലുകളിൽ നിന്നും ഭീകരർ ഉൾപ്പടെ 1,200-ലേറെ തടവുകാർ രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്. ഇവർ ഇന്ത്യയിലേക്ക് കടന്നേക്കുമെന്നും മുന്നറിയിപ്പുണ്ട്.