പത്തനംതിട്ട : ശബരിമല അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണ പേടകമായുള്ള ഘോഷയാത്ര ആദ്യ ദിനം രാത്രി വിശ്രമിക്കുന്ന അയിരൂർ പുതിയകാവ് ദേവീ ക്ഷേത്രത്തിൽ മുന്നൊരുക്കങ്ങൾക്ക് ദേവസ്വം ബോർഡ് തയ്യാറാകുന്നില്ലെന്ന് ആക്ഷേപം.
പന്തളം കൊട്ടാരത്തിൽ നിന്ന് മകരവിളക്ക് ദിവസം ശബരിമല അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണം വിവിധ പ്രദേശങ്ങളിൽ കൂടി കടന്ന് വന്ന് കോഴഞ്ചേരി പാമ്പാടിമൺ അയ്യപ്പ ക്ഷേത്രത്തിലാണ് ആദ്യ ദിവസം തുറന്നു വയ്ക്കുന്നത് ‘
ഇവിടുത്തെ ഭക്തജന ദർശനത്തിന് ശേഷം പുറപ്പെടുന്ന ഘോഷയാത്ര രാത്രിയിൽ വിശ്രമിക്കുന്നത് അയിരൂർ പുതിയകാവ് ദേവി ക്ഷേത്രത്തിലാണ്.
തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്നു പുറപ്പെടുന്നതിൻ്റെ തലേ ദിവസം മുതൽ സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള തമിഴ്നാട്, കർണാടക, ആന്ധ്ര, തെലുങ്ക് ദേശം, മഹാരാഷ്ട്ര, ഛത്തീസ്ഘട്ട്, മധ്യപ്രദേശ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ഭക്തർ കാൽ നടയായി വന്ന് കയറി പോകുന്ന സ്ഥലമാണ് അയിരൂർ പുതിയകാവ് ദേവീ ക്ഷേത്രം
എന്നാൽ ഈ ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലും യാതൊരു വിധ അടിസ്ഥാന സൗകര്യങ്ങളും ഇതുവരെ അധികൃതർ ഒരുക്കിയിട്ടില്ല. ദേവസ്വം ബോർഡിന്റെ പട്ടികയിൽ അയിരൂർ – പുതിയകാവ് ദേവീ ക്ഷേത്രമുണ്ടെങ്കിലും തിരുവാഭരണ ഘോഷയാത്ര രാത്രി വിശ്രമിക്കുന്ന ഈ ക്ഷേത്രത്തിൻ്റെ അവസ്ഥ പരിതാപകരമാണ്.
ദേവസ്വം ബോർഡ് ആറന്മുള ഗ്രൂപ്പിൻ്റെ കീഴിലുള്ള സബ് ഗ്രൂപ്പ് ഓഫിസറുടെ കാര്യാലയം ജീർണാവസ്ഥയിലായിട്ട് അഞ്ച് വർഷത്തിലേറെയായി. ഈ കെട്ടിടത്തിൻ്റെ ദുരവസ്ഥ കാരണം തിരുവാഭരണ പേടക വാഹക സംഘവും അകമ്പടി സേവിക്കുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും അന്തിയുറങ്ങാൻ ആശ്രയിക്കുന്നത് സമീപ വീടുകളെയാണ്. തിരുവാഭരണ ഘോഷയാത്ര രാത്രിയിൽ വിശ്രമിക്കുമ്പോൾ ഒപ്പം നിൽക്കുന്ന അയ്യപ്പ ഭക്തർ വടക്കേ തിരുമുറ്റത്തെ ഓഡിറ്റോറിയത്തിലും തെക്കേ തിരുമുറ്റത്തെ നടപ്പന്തലിലും വിശ്രമിക്കുക മാത്രമാണ് ഏക മാർഗം
അയിരൂർ – പുതിയകാവ് ദേവീക്ഷേത്രത്തിനോട് അധികാരികൾ തികഞ്ഞ അവഗണനയാണ് കാട്ടുന്നതെന്നും ഇത് തുടർന്നാൽ ഭക്തർ രംഗത്ത് ഇറങ്ങുമെന്നും വിശ്വഹിന്ദു പരിഷത്ത് അയിരൂർ പഞ്ചായത്ത് സ്ഥാനീയ സമിതി അംഗം പ്രസാദ് മൂക്കന്നൂർ പറഞ്ഞു