കൊച്ചി: ഇറാനിലേക്കുള്ള അവയവക്കച്ചവട മാഫിയയുടെ മുഖ്യകണ്ണി ഹൈദരാബാദിൽ പിടിയിലായി. കേരള പൊലീസിന്റെ പ്രത്യേക സംഘമാണ് ഹൈദരാബാദിലെത്തി ഇയാളെ പിടികൂടിയത്. ബല്ലംകൊണ്ട രാമപ്രസാദ് എന്ന ആൾ ആണ് പിടിയിലായതെന്ന് അന്വേഷണ സംഘം അറിയിച്ചു. ഇയാളെ ആലുവയില്‍ എത്തിച്ച് ചോദ്യം ചെയ്തു.
ഹൈദരാബാദ് സ്വദേശിയായ ഇയാളെക്കുറിച്ച് കേസിലെ മുഖ്യപ്രതിയായ സാബിത്ത് നാസര്‍ മൊഴി നല്‍കിയിരുന്നു. കടത്ത് സംബന്ധിച്ച കാര്യങ്ങൾ ഏകോപിപ്പിക്കുന്നത് ഇയാളാണ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് അവയവക്കച്ചവടത്തിന് ഇറാനിലേക്ക് ഇയാൾ മനുഷ്യക്കടത്ത് നടത്തി വരികയാണ്. ഓണ്‍ലൈനില്‍ ആളുകളെ കണ്ടെത്തി അവയവ ദാതാവ് ആകാൻ പ്രേരിപ്പിക്കുന്നതാണ് ഇവരുടെ രീതി.
അവയവക്കടത്ത് നടത്തിയവരില്‍ ഭൂരിഭാഗവും ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ യുവാക്കളാണെന്നും കേരളത്തില്‍നിന്ന് ഇതുവരെ ഒരാള്‍ മാത്രമേ അവയവക്കടത്തിന് ഇരയായതായിട്ടുള്ളൂ എന്നുമാണ് സാബിത്ത് നാസര്‍ പൊലിസിന് നൽകിയിരിക്കുന്ന മൊഴി.