കോട്ടയം : കോട്ടയം-കൊല്ലം മെമുവിൽ യാത്രാദുരിതം നേരിടുന്നതായി യാത്രക്കാർ. കോട്ടയം-കൊല്ലം 66315 മെമു ട്രെയിനിലാണ് ഈ ദുരിത കാഴ്ച. വൈകിട്ട് 5.40-ന് കോട്ടയത്തുനിന്നു പുറപ്പെടുന്ന ട്രെയിനിൽ കംപാർട്ട്മെന്റുകളിലെ സ്ഥലപരിമിതി മൂലം യാത്രക്കാർ വാതിലിൽ തൂങ്ങി നിൽക്കേണ്ടി വരുന്നതായിയാണ് പരാതി.
കഴിഞ്ഞ ദിവസം ഒരു മുതിർന്ന സ്ത്രീയും രണ്ടു കുട്ടികളുമാണ് ശ്വാസംമുട്ടി കുഴഞ്ഞുവീണത്. ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ സ്റ്റേഷനുകളിൽ നിന്നുള്ള വരാണ് കൂടുതലും.ഉള്ളിൽ കയറാൻ സാധിക്കാത്തത്ര തിരക്കിലാണ് ട്രെയിനിന്റെ അവസ്ഥ. 8 കോച്ചുകൾ മാത്രം ഉള്ള ഈ മെമുവിന് 16 കോച്ചുകൾ ആവശ്യമാണെന്ന് യാത്രക്കാർ ആവർത്തിച്ച് ആവശ്യപ്പെടുന്നു.
ആലപ്പുഴ വഴിയുള്ള മെമു ട്രെയിനുകൾ കഴിഞ്ഞ ദിവസം 16 കോച്ചായി വർധിപ്പിച്ചെങ്കിലും, കോട്ടയം-കൊല്ലം മെമു ട്രെയിനിൽ ഇങ്ങനെ പരിഗണിച്ചിട്ടില്ല. 3.30-ന് കോട്ടയത്തേക്ക് എത്തുന്ന പരശുറാമിന് ശേഷം ഏക ആശ്രയം 5.40-ന് പുറപ്പെടുന്ന ഈ ട്രെയിനാണ് . കോച്ചുകൾ കൂട്ടുക അതല്ലെങ്കിൽ വൈകുന്നേരം 4.45 അല്ലെങ്കിൽ 5 മണിക്ക് മറ്റൊരു മെമു കൂടി ഓടിക്കുക എന്നതാണ് യാത്രക്കാരുടെ ആവശ്യം






