പത്തനംതിട്ട : റാന്നി പഴവങ്ങാടി ഇട്ടിയപ്പാറയിലെ ആളൊഴിഞ്ഞ പഴയ വീട്ടിൽ നിന്നും സാധനങ്ങൾ മോഷ്ടിച്ചുകടത്താൻ ശ്രമിച്ച രണ്ടുപേരെ പിടികൂടി. ഒരാൾ ഓടിരക്ഷപ്പെട്ടു. കേസിൽ രണ്ടും മൂന്നും പ്രതികളായ റാന്നി മന്ദിരം പാറയ്ക്കൽ കോളനിയിൽ ഓമന നിവാസ് വീട്ടിൽ ഷൈജു എന്ന കെ അനീഷ് കുമാർ (38), പഴവങ്ങാടി കരികുളം മുക്കാലുമൺ പുലയകുന്നിൽ സിബി ഇടിക്കുള (38) എന്നിവരാണ് അറസ്റ്റിലായത്.
അങ്ങാടി മേനാംതോട്ടം ആശാരിമുറിയിൽ എബ്രഹാമിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള പാറയിൽ വീട്ടിൽ 13 ന് രാവിലെ 9 നാണ് മോഷണം നടന്നത്. ആരും താമസമില്ലാതെ കിടക്കുന്ന വീട്ടിൽ ആളനക്കം കേട്ടപ്പോൾ അയൽവാസികൾ ശ്രദ്ധിച്ചു, പിന്നീട് നാട്ടുകാരെ വിളിച്ചുകൂട്ടി പോയി നോക്കിയപ്പോൾ രണ്ട് ചാക്കുകെട്ടുകളുമായി മൂന്നുപേർ വീട്ടിൽ നിന്നും ഇറങ്ങിപോകുന്നത് കണ്ടു. ആളുകളെ കണ്ട് മോഷ്ടാക്കൾ ചാക്കുകൾ ഉപേക്ഷിച്ചു കടക്കാൻ ശ്രമിച്ചു. സംശയം തോന്നിയ അയൽവാസികൾ എബ്രഹാമിനെ വിളിച്ചറിയിച്ചു. അദ്ദേഹം കൂടിയെത്തി മോഷ്ടാക്കളെ തടഞ്ഞുവയ്ക്കുകയായിരുന്നു. ഒരാൾ സ്ഥലത്തുനിന്നും ഓടിപ്പോയി.
തുടർന്ന് റാന്നി പോലീസിനെ അറിയിച്ചതു പ്രകാരം പോലീസ് എത്തി രണ്ടുപേരെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.
വീടിനുള്ളിൽ സൂക്ഷിച്ച കിണറിന്റെ കപ്പിയും, അടുക്കളയിലെ അലൂമിനിയം പാത്രങ്ങളും മോഷ്ടിച്ചു. ആകെ 5000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. മൂന്നാമനായുള്ള തെരച്ചിൽ വ്യാപകമാക്കി. സ്ഥലത്തുനിന്നും കണ്ടെടുത്ത രണ്ട് ചാക്കുകളിലെ മോഷണവസ്തുക്കൾ പോലീസ് ബന്തവസ്സിലെടുത്തു. പ്രതികളെ റാന്നി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.