കോന്നി: പട്ടാപ്പകല്‍ മാരകായുധവുമായി കാറിലെത്തിയ രണ്ട് പേര്‍ കലഞ്ഞൂര്‍ വലിയപള്ളിക്ക് സമീപം വഴിയാത്രക്കാരടക്കം നാല് പേരെ ആക്രമിച്ചു. സമീപത്തെ പെര്‍ഫക്ട് ഓട്ടോ കെയര്‍ സെന്ററിന്റെ മുന്‍വശത്തെ ഗ്ലാസ്സുകള്‍ കാര്‍ ഇടിച്ച് കയറ്റി തകര്‍ത്തു.
ഇവിടെ വില്‍പ്പനയ്ക്കായി വച്ചിരുന്ന രണ്ട് കാറുകളും കാര്‍ ഇടിച്ച് കയറ്റി തകര്‍ത്തിട്ടുണ്ട്. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം അമിത വേഗതയില്‍ കാര്‍ ഓടിച്ച് പോയ കലഞ്ഞൂര്‍ പുത്തന്‍പുരയില്‍ ജോണ്‍ വര്‍ഗീസ്, കുറ്റുമണ്ണില്‍ ബിനു വര്‍ഗീസ് എന്നിവരെ കൂടല്‍ പോലീസ് പിന്തുടര്‍ന്ന് പിടികൂടി.
ഇന്ന് ഉച്ചയ്ക്ക് 1 ന് കലഞ്ഞൂര്‍ വലിയപള്ളിക്ക് സമീപമാണ് സംഭവം നടന്നത്. കാല്‍നട യാത്രക്കാരനായ കലഞ്ഞൂര്‍ കാഞ്ഞിരമുകളില്‍ റെഞ്ചി യോഹന്നാനെയാണ് ആദ്യം കാര്‍ ഇടിപ്പിക്കാനായി ശ്രമിച്ചത്. റെഞ്ചി ഓടിമാറി രക്ഷപെട്ടു. ഇതിന് ശേഷമാണ് ഓട്ടോ കെയര്‍ സെന്ററിന് മുന്‍പിലൂടെ വീട്ടിലേക്ക് പോകുകയായിരുന്ന കുറ്റുമണ്ണില്‍ ബിനുവിന്റെ നേരെ കാറുമായി എത്തിയത്. ബിനുവും ഓടി മാറുകയായിരുന്നു. സംഭവത്തിൽ കൂടൽ പൊലീസ് കേസെടുത്തു.