കൊച്ചി : കൊച്ചി കലൂരിലെ സ്‌റ്റേജില്‍ നിന്ന് വീണ് ഉമാ തോമസ് എം.എല്‍.എയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ നൃത്തപരിപാടിയുടെ സംഘാടകര്‍ക്കെതിരേ കേസ്.ജീവന് ഭീഷണി ഉണ്ടാകും വിധം അപകടകരമായി സ്റ്റേജ് നിര്‍മിച്ചതിനാണ് കേസ്. സ്റ്റേജ് നിർമിച്ചത് മതിയായ സുരക്ഷയില്ലാതെ അശ്രദ്ധമായാണെന്നും സ്റ്റേജിൽ വേണ്ടത്ര സ്ഥലമില്ലായിരുന്നെന്നും ബലമുള്ള കൈവരി സ്ഥാപിച്ചില്ലെന്നും എഫ്ഐആറിൽ പറയുന്നു.സ്റ്റേജ് നിർമാണ കരാറുകാർക്കെതിരെയും എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. പാലാരിവട്ടം പൊലീസാണ് കേസെടുത്തത്.
അതേസമയം ,കൊച്ചി റിനൈ മെഡിസിറ്റിയിൽ ചികിത്സയിലുള്ള എംഎൽഎയുടെ ആരോഗ്യസ്ഥിതി നിലവിൽ ആശങ്കാജനകമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു.വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്കും ശ്വാസകോശത്തിനും പരിക്കേറ്റ എംഎൽഎ ആശുപത്രിയിലെ വെന്റിലേറ്ററിൽ നിരീക്ഷണത്തിലാണ്. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ഉൾപ്പെടെയുള്ള വിദഗ്ധ ഡോക്ടർമാരാണ് ഉമ തോമസിനെ ചികിത്സിക്കുന്നത്.