പത്തനംതിട്ട : വടശ്ശേരിക്കര വില്ലേജ് ഓഫീസറായിരുന്ന ഇ.വി.സോമനെ വസ്തുപോക്കുവരവ് ചെയ്യുന്നതിന് 1,000/- രൂപകൈക്കൂലി വാങ്ങിയ കേസ്സിൽ തിരുവനന്തപുരം വിജിലൻസ് കോടതി 3 വർഷം കഠിന തടവിനും 15,000/- രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു.
2011 ജനുവരി 7 ന് വടശ്ശേരിക്കര വില്ലേജ് ഓഫീസറായിരുന്ന ഇ.വി. സോമൻ പത്തനംതിട്ട സ്വദേശിയായ പരാതിക്കാരന്റെ പേരിലുള്ള ഒന്നേകാൽ ഏക്കർ വസ്തു മകളുടെ പേരിലേക്ക് പോക്കുവരവ് ചെയ്ത് നൽകുന്നതിലേക്ക് 1,000/-രൂപ കൈക്കൂലി ചോദിച്ചു വാങ്ങുേമ്പോൾ പത്തനംതിട്ട വിജിലൻസ് യൂണിറ്റ് ഡി.വൈ.എസ്.പി യായിരുന്ന ബേബി ചാൾസ് കൈയ്യോടെ പിടികൂടി രജിസ്റ്റർ ചെയ്ത കേസ്സിലാണ് സോമനെ തിരുവനന്തപുരം വിജിലൻസ് കോടതി വെളളിയാഴ്ച്ച ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് വിധിന്യായത്തിൽ പറയുന്നു.
പത്തനംതിട്ട വിജിലൻസ് യൂണിറ്റ് മുൻ ഡി.വൈ.എസ്.പി യായിരുന്ന പി.കെ. ജഗദീഷ് ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി വിജിലൻസ് പബ്ലിക്പ്രോസിക്യൂട്ടർ വീണാ സതീശൻ ഹാജരായി.