കോട്ടയം: പെരുന്ന എൻ എസ് എസ് നേതൃത്വത്തിനെതിരെ കെടുകാര്യസ്ഥതയും അഴിമതിയും ആരോപിച്ച് വൈക്കത്ത് മന്നം ആത്മാഭിമാന സദസ്സ് സംഘടിപ്പിച്ചു. എൻഎസ്എസിൽ യോഗ്യതയാ മാനദണ്ഡങ്ങൾ പാലിക്കാതെ ബന്ധു നിയമനവും കമ്പനി ചട്ടം കാറ്റിൽ പറത്തി ഏകാധിപത്യ ഭരണവും നടത്തുകയാണെന്ന് സദസ്സ് ആരോപിച്ചു.
കഴിഞ്ഞ 35 വർഷമായി തെരഞ്ഞെടുപ്പ് പോലും നടത്താതെ ഭരണം നടത്തുകയാണ്. ബന്ധു നിയമനവും അഴിമതിയും ക്രമക്കേടും ഉയർന്നിട്ടും തൽസ്ഥാനത്ത് തുടരുകയാണ്. തെരഞ്ഞെടുപ്പ് തുല്യനീതി സമുദായ മൈത്രി ഇവ സംഘടനയിൽ അടിയന്തരമായി പുനസ്ഥാപിക്കണം. ദിശാബോധമുള്ള പുതിയ നേതൃത്വം അനിവാര്യമാണ്.
സമ്മേളനത്തിനു മുന്നോടിയായി മന്നത്ത് പത്മനാഭന്റെ വിളക്ക് കൊളുത്തി അഭിവാദ്യം ചെയ്തു. എൻഎസ്എസ് എന്ന പ്രസ്ഥാനത്തെ കട്ടുമുടിക്കുകയും വിറ്റു തുലയ്ക്കുകയും ആണെന്ന മുദ്രാവാക്യം വിളികളോടെയാണ് ചടങ്ങ് തുടങ്ങിയത്.
സമുദായ ആചാര്യൻ മന്നത്ത് പത്മനാഭനും കേളപ്പജിയും വൈക്കം വേലപ്പനും തുടങ്ങി നിരവധിപേർ ജീവരക്തം നൽകി നട്ടുവളർത്തിയ ഒരു മഹാപ്രസ്ഥാനമാണ് നായർ സർവ്വീസ് സൊസൈറ്റി. കഴിഞ്ഞ 35 വർഷമായി ഈ സംഘടനയുടെ നിയന്ത്രണം അവിഹിതമായ മാർഗ്ഗങ്ങളിലൂടെ കൈയാളി പ്രസ്ഥാനത്തെതന്നെ ഇല്ലാതാക്കുന്ന നടപടികളാണ് ജനറൽ സെക്രട്ടറി തുടർന്നു വരുന്നത്.
പ്രസിഡൻറ് ഡോ. സി ആർ വിനോദ് കുമാർ, സെക്രട്ടറി വി എൻ ഗോപാലകൃഷ്ണൻ, എം ഗോപാലപിള്ള, നവകുമാരൻ നായർ, പ്രൊഫ.കോന്നി ഗോപകുമാർ, അഡ്വ കെജി നായർ കുമ്പഴ കരയോഗം പ്രസിഡണ്ട്, ബ്രിഗേഡിയർ ഡോ.മോഹനൻപിള്ള, മുൻ ദേവസ്വം ബോർഡ് പിആർഒ അയർക്കുന്നം രാമൻ നായർ, ഹൈറേഞ്ച് യൂണിയൻ മുൻ പ്രസിഡണ്ട് ആർ. മണിക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.






